കോട്ടയം: സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാനനഷ്ടക്കേസ് നല്‍കില്ലെന്ന സൂചനയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. മുഖ്യമന്ത്രിക്ക് വേറെ എന്തെല്ലാം പണികളുണ്ട്. മാനനഷ്ടം കൊടുക്കലല്ല പണി. മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടുത്താന്‍ ആയിരംവട്ടം ശ്രമിച്ചാലും അത് നഷ്ടപ്പെടില്ല. ആ ഉറപ്പുണ്ടെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു.
ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ”സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി ആര്‍ക്കും അനുമതി നിഷേധിച്ചിട്ടില്ല. എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ കേസ് കൊടുക്കുമെന്ന് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു. കടകംപള്ളിക്കും തോമസ് ഐസകിനും സ്വപ്നക്കെതിരെ മാനനഷ്ട കേസ് നൽകാൻ പാർട്ടി അനുമതി നൽകിയിട്ടുണ്ട്, അവർ കൊടുക്കട്ടെ. പാര്‍ട്ടി അനുവദിച്ചിട്ടില്ലെന്ന് ആരാണ് പറഞ്ഞത്. ഞങ്ങള്‍ക്കിതൊന്നും മൂടിവയ്ക്കാനില്ല,” അദ്ദേഹം പറഞ്ഞു.
സ്വപ്‌ന സുരേഷ് ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം രാഷ്ട്രീയമാണ്. അതൊന്നും ഗുരുതരമായതല്ല. സത്യസന്ധമായ കാര്യങ്ങള്‍ ആര് മൂടിവെച്ചാലും പുറത്ത് വരും. കേന്ദ്ര സർക്കാരിന്റെ ഏജൻസികൾ സ്വപ്ന ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തതിൽ ഞങ്ങൾക്കെന്താണ് പ്രശ്നം. ഞങ്ങൾ എന്തിന് അതിൽ ഇടപെടണം. വെളിപ്പെടുത്താനുള്ളതൊക്കെ വെളിപ്പെടുത്തട്ടെയെന്നും എം.വി.ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
കേസ് ഒത്തുതീര്‍പ്പാക്കുന്നതിനായി കണ്ണൂര്‍ സ്വദേശിയായ വിജേഷ് പിള്ള എന്ന വ്യക്തി തന്നെ സമീപിച്ചെന്നായിരുന്നു സ്വപ്ന സുരേഷിന്റെ വാദം. മുഖ്യമന്ത്രിക്കും മകള്‍ വീണയ്ക്കും എതിരെയുള്ള വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന പറഞ്ഞു.
മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ എന്നിവര്‍ക്കെതിരായ തെളിവുകള്‍ കൈമാറണമെന്നും പ്രതിഫലമായി 30 കോടി വാഗ്ദാനം ചെയ്തെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നിർദേശ പ്രകാരമാണ് താന്‍ വിളിക്കുന്നതെന്ന് വിജേഷ് പറഞ്ഞുവെന്നും സ്വപ്‌ന വെളിപ്പെടുത്തി. ഫേസ്ബുക്ക് ലൈവിലാണ് സ്വപ്‌ന ആരോപണങ്ങള്‍ ഉന്നയിച്ചത്.