scorecardresearch
Latest News

സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ അവഗണിക്കാൻ സിപിഎം, മുഖ്യമന്ത്രിയും പാർട്ടിയും മൗനം വെടിയണമെന്ന് പാർട്ടികൾ

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും ഐഎഎസ് ഉദ്യോഗസ്ഥാനായ ശിവശങ്കറിനും എതിരെയും മുൻമന്ത്രിമാരായ ടി.എം.തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയുമാണ് സ്വപ്ന ആരോപണങ്ങൾ ഉന്നയിച്ചത്

സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ അവഗണിക്കാൻ സിപിഎം, മുഖ്യമന്ത്രിയും പാർട്ടിയും മൗനം വെടിയണമെന്ന് പാർട്ടികൾ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മുതിർന്ന സിപിഎം നേതാക്കൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയേണ്ടതില്ലെന്നാണ് സിപിഎം സ്വീകരിച്ചിരിക്കുന്ന നിലപാട്. ഇടതുമുന്നണിയിലെ രണ്ടാമത്തെ പ്രധാന കക്ഷിയായ സിപിഐയും ഈ നിലപാടിനോട് യോജിപ്പ് പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും ഐഎഎസ് ഉദ്യോഗസ്ഥാനായ ശിവശങ്കറിനും എതിരെയും മുൻമന്ത്രിമാരായ ടി.എം.തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയുമാണ് ന്യൂസ് ചാനലിനു നൽകിയ അഭിമുഖത്തിൽ സ്വപ്ന ആരോപണങ്ങൾ ഉന്നയിച്ചത്.

കൊച്ചിയിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ സുരേന്ദ്രൻ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചു. ഐസക് മൂന്നാറിലെ ഹിൽ സ്റ്റേഷനിലേക്ക് കൂടെ പോകാൻ ആവശ്യപ്പെട്ടുവെന്നുമാണ് അടുത്തിടെ പുറത്തിറങ്ങിയ തന്റെ ‘ചതിയുടെ പത്മവ്യൂഹം’ എന്ന ആത്മകഥയിൽ സ്വപ്ന ആരോപിച്ചിരിക്കുന്നത്. ശ്രീരാമകൃഷ്ണൻ ഔദ്യോഗിക വസതിയിലേക്ക് പോകാൻ തന്നോട് ആവശ്യപ്പെട്ടതായും ടിവി ചാനലിൽ സ്വപ്ന ആരോപിച്ചു.

എന്നാൽ, ആരോപണങ്ങൾക്കും ഉന്നയിച്ച വ്യക്തിക്കുമുള്ള വിശ്വാസ്യതയുടെ അടിസ്ഥാനത്തിൽ മാത്രം നടപടി മതിയെന്നാണ് ഇരുപാർട്ടികളുടെയും നിലപാട്. സ്വപ്ന കുറേക്കാലമായി പറഞ്ഞുകൊണ്ടിരുന്ന ആരോപണങ്ങൾ മാത്രമാണ് ഇപ്പോഴും മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ളതെന്നുമാണ് അവരുടെ നിലപാട്.

ഇതേസമയം, കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിലിനെതിരായ ആരോപണത്തിൽ ശാരീരിക അക്രമവും പീഡനവും ഉൾപ്പെടെ ഉന്നയിച്ച് സ്ത്രീ കേസ് കൊടുത്ത സഹചര്യമുണ്ട്. ആ സാഹചര്യം സ്വപ്നയുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഇല്ലെന്നും അവർ വിലയിരുത്തുന്നു. എന്നാൽ, അധികാരസ്ഥാനങ്ങളിലിരുന്നവർക്കെതിരായ ആരോപണങ്ങൾക്ക് മറുപടി പറയാനുള്ള ധാർമ്മികമായ ഉത്തരവാദത്തിത്തിൽ നിന്നും സിപിഎമ്മിന് ഒഴിഞ്ഞുമാറാനാകില്ലെന്ന നിലപാടാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്ക്. തങ്ങളുടെ എംഎൽഎയ്ക്കെതിരെ കേസ് വന്നപ്പോൾ വിശദീകരണം ചോദിക്കുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തുവെന്നും കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, സിപിഎമ്മിന് അത്തരമൊരു ധാർമ്മിക ഉത്തരവാദിത്തം നിറവേറ്റാനാകുന്നില്ലെന്ന് അവർ വിമർശനം ഉന്നയിക്കുന്നു.

സ്വപ്നയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന് കെപിസിസി നേതാക്കൾ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സോളർ കേസിലെ പ്രതിയായ സരിത ഉന്നയിച്ച ആരോപണങ്ങളെ അടിസ്ഥാനപ്പെടുത്തി തങ്ങളുടെ നേതാക്കൾക്കെതിരെ കേസുകളെടുത്ത സിപിഎമ്മാണ് സ്വപ്ന സ്വർണക്കടത്ത് കേസിലെ പ്രതിയാണെന്ന് പറഞ്ഞ് മൗനംപാലിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തുന്നു. സോളർ കേസ് പ്രതിയായ സരിതയുടെ ആരോപണങ്ങളിൽ വിശ്വാസ്യത കണ്ടെത്തി പ്രതിപക്ഷ നേതാക്കളെ ഇപ്പോഴും വേട്ടയാടുന്ന പിണറായി വിജയനും സിപിഎമ്മും സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്നയുടെ ആരോപണങ്ങളിൽ വിശ്വാസ്യതയില്ലെന്ന് പറയുന്നത് ഇരട്ടത്താപ്പാണെന്നാണ് വിമർശനം.

സ്വപ്ന സുരേഷിന്റെ ആരോപണത്തില്‍ ഇപ്പോള്‍ ചര്‍ച്ചയില്ല: എം വി ഗോവിന്ദന്‍

സ്വപ്ന സുരേഷിന്റെ ആരോപണത്തില്‍ ഇപ്പോള്‍ ചര്‍ച്ചയൊന്നുമില്ല. എല്‍ ഡി എഫിന്റെ വാര്‍ത്ത ഇല്ലാതാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. സ്ത്രീകളുമായി ബന്ധപ്പെട്ട ആരോപങ്ങള്‍ കര്‍ശനമായി പരിശോധിക്കും. എന്തിനാണ് ഒഴിഞ്ഞ് മാറുന്നത്. അതിന്റെ ഒരു കാര്യവുമില്ല. ഇങ്ങനെ തുടര്‍ക്കഥ അവതരിപ്പിക്കുന്നതില്‍ രാഷ്ട്രീയമുണ്ട്. അതില്‍ പ്രതിപക്ഷമുണ്ട്. മാധ്യമങ്ങളുമുണ്ടാവും. വസ്തുതാപരമായ കാര്യങ്ങള്‍ വരുമ്പോള്‍ ആലോചിക്കാം. കേസ് സ്വര്‍ണ്ണകടത്തിന്റേതാണ്. അതില്‍ നിന്ന് തെന്നി മാറിയിട്ട് സി.പി.എമ്മിനും നേതാക്കള്‍ക്കും എതിരെ അപവാദ പ്രചരണവുമായി വരികയാണ്. അതിനൊന്നും അപ്പപ്പോള്‍ മറുപടി പറയേണ്ട കാര്യമില്ല. പറയുന്നതിന് എല്ലാം കേസ് കൊടുക്കാന്‍ പോയാല്‍ അതിനല്ലേ നേരമുണ്ടാവൂ. .ധാര്‍മ്മികതയുടെ മുന്നില്‍ ഒരു വിട്ടുവീഴ്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നുമില്ല. പക്ഷേ ഇവര്‍ പറയുന്നതാണ് ധാര്‍മ്മികതയെന്ന് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കേണ്ടതില്ല. ഇതും എല്‍ദോസും തമ്മില്‍ കൂട്ടികൂഴക്കണ്ട. അത് തന്നെ ബാലാല്‍സംഗം ചെയ്‌ത്വെന്ന് പറഞ്ഞ വിഷയമാണ്. അതില്‍ പിന്നെ വേറെ ധാര്‍മ്മികതയുടെ പ്രശ്‌നമൊന്നുമില്ല. ഞങ്ങള്‍ക്ക് ഒരുകാര്യമേ പറയാനുള്ളൂ. യഥാര്‍ത്ഥ നിലപാട് പറയേണ്ട സമയത്ത് പറയും. എം വി ഗോവിന്ദന്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Swapna suresh allegations against cpm leaders party did not take into consideration

Best of Express