ഒമാനിലെ കോളേജിൽ പങ്കാളിത്തം, ഷാർജയിൽ ശാഖ തുടങ്ങാൻ ഉദ്ദേശിച്ചിരുന്നു; ശ്രീരാമകൃഷ്‌ണനെതിരെ സ്വപ്‌നയുടെ വെളിപ്പെടുത്തൽ

ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് എൻഫോഴ്‌സ്‌മെന്റ് സ്വപ്‌ന സുരേഷിന്റെ മൊഴിയിലെ പ്രസക്തഭാഗങ്ങൾ ഹാജരാക്കിയത്

കൊച്ചി: സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണന് ഒമാനിലെ മിഡിൽ ഈസ്റ്റ് കോളേജിൽ പങ്കാളിത്തമുണ്ടെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ. ഇക്കാര്യം ഒന്നിലധികം തവണ ശ്രീരാമകൃഷ്‌ണൻ തന്നോട് പറഞ്ഞിട്ടുണ്ടെന്നും സ്വപ്‌ന എൻഫോഴ്‌സ്‌മെന്റിനോട് പറഞ്ഞു. ഷാർജയിൽ കോളേജിന്റെ ശാഖ തുടങ്ങാൻ ഉദ്ദേശിച്ചിരുന്നുവെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്. ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് എൻഫോഴ്‌സ്‌മെന്റ് സ്വപ്‌ന സുരേഷിന്റെ മൊഴിയിലെ പ്രസക്തഭാഗങ്ങൾ ഹാജരാക്കിയത്.

സ്വപ്‌നയുടെ മൊഴിയിലെ പ്രസക്‌തഭാഗങ്ങൾ

പൊന്നാനിയിലെ വിദേശ മലയാളി ലഫീർ വഴിയാണ് ശ്രീരാമകൃഷ്‌ണന് കോളേജിൽ ബിസിനസ് പങ്കാളിത്തം. സ്ഥാപനത്തിന്റെ പ്രവർത്തനം മിഡിൽ ഈസ്റ്റിൽ വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും നോക്കി നടത്താൻ പറ്റിയ ആൾ താനാണെന്നും ശ്രീരാമകൃണൻ പറഞ്ഞിരുന്നു. സ്ഥാപന നടത്തിപ്പുകാരായ തിരുവനന്തപുരം സ്വദേശി കിരണിനേയും ലഫീറിനേയും പരിചയപ്പെടുത്തിയത് ശിവശങ്കറാണ്.

കോളേജിന്റെ ഡീൻ ആയ കിരൺ ശിവശങ്കറിന്റെ അടുത്ത ആളാണ്. ലഫീർ കോളജിന്റെ എംഡിയാണ്. ഷാർജയിൽ മിഡിൽ ഈസ്റ്റ് കോളേജിന്റെ ശാഖ തുടങ്ങുന്നതിന് ശിവശങ്കറും ശ്രീരാമകൃഷ്ണനും കിരണും ലഫീറും അടങ്ങുന്ന നാൽവർ സംഘം ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

മിഡിൽ ഈസ്റ്റ് കോളേജിന്റെ ശാഖ ഷാർജയിൽ തുടങ്ങുന്നതിന് കെട്ടിടം നിർമിക്കാൻ സ്ഥലം തരപ്പെടുത്തുന്ന കാര്യം ശ്രീരാമകൃഷ്‌ണൻ ആഗ്രഹിച്ചിരുന്നു. ഇതിനായി ഷാർജ ഭരണാധികാരിയുമായി കുടിക്കാഴ്‌ചയ്‌ക്ക് അവസരം ഒരുക്കണമെന്ന് ശ്രീരാമകൃഷ്‌ണൻ ആവശ്യപ്പെട്ടു. ഭരണാധികാരി തിരുവനന്തപുരം സന്ദർശിച്ചപ്പോൾ കുടിക്കാഴ്‌ചയ്‌ക്ക് അവസരമൊരുക്കി. കോവളം ലീല പാലസിൽ നടന്ന കൂടിക്കാഴ്‌ചയിൽ സ്ഥലം നൽകാമെന്ന് ഭരണാധികാരി വാക്കാൽ അറിയിച്ചു.

ശ്രീരാമകൃഷ്‌ണനും ശിവശങ്കറും അടക്കമുള്ളവർ കോളേജിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. ശിവശങ്കർ നിർദേശിച്ച പ്രകാരം 2018 ഏപ്രിലിൽ താൻ ഷാർജയിലെത്തി സ്ഥലം കാണുകയും കോളേജ് ഡയറക്‌ടർമാരിൽ ഒരാളായ ഖാലിദുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തു. ഫ്രാൻസിലായിരുന്ന ശിവശങ്കറും നേരിട്ട് ഷാർജയിലെത്തി തനിക്കൊപ്പം ഖാലിദുമായുള്ള കൂടിക്കാഴ്‌ചയിൽ പങ്കാളിയായി.

യുഎഇ സന്ദർശനവേളയിൽ സ്ഥലം ലഭ്യമാക്കുന്നതിനുള്ള തുടർ നടപടികൾ ഷാർജയിലെ ഉന്നതരുമായി പലതവണ ചർച്ച ചെയ്‌തിട്ടുണ്ടെന്ന് പലതവണ ശ്രീരാമകൃഷ്‌ണൻ തന്നോട് പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്തെ ഐസിടി അക്കാദമിയിലെ കോഴ്‌സുകൾ മിഡിൽ ഈസ്റ്റ് കോളേജുമായി സഹകരിച്ച് നടത്തുന്നതിനെക്കുറിച്ച് ആലോചനകൾ നടന്നിട്ടുണ്ടെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Swapna suresh against p sreeramakrishnan

The moderation of comments is automated and not cleared manually by malayalam.indianexpress.com