തിരുവനന്തപുരം: സന്നദ്ധ സംഘടനയായ എച്ച്ആര്‍ഡിഎസ് എന്ന സ്ഥാപനത്തില്‍ താന്‍ ജോലിയില്‍ പ്രവേശിച്ചതിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ക്ക് കാരണം എം. ശിവശങ്കറാണെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണം. “ആദ്യം ആത്മകഥ പുറത്തിറക്കിയായിരുന്നു ദ്രോഹിച്ചത്, ഇപ്പോള്‍ ഇതും. തന്നെ ആക്രമിക്കാനുള്ള ശ്രമം നടത്തുകയാണ്,” സ്വപ്ന പറഞ്ഞു.
“എച്ച്ആര്‍ഡിഎസ് ഒരു സന്നദ്ധ സംഘടനയാണ്, രാഷ്ട്രീയ പാര്‍ട്ടിയല്ല. ഇത് എന്റെ ജോലിയാണ്, എന്റെ അന്നമാണ്. അത് മനസിലാക്കിക്കൊണ്ട് എല്ലാവരും എന്നെ ദ്രോഹിക്കാതെ ഇരിക്കുക. ജീവിക്കാനായി ചെറിയൊരു സഹായം ലഭിച്ചതാണ്. എന്റെ മക്കളെ വളര്‍ത്തണം, അമ്മയെ നോക്കണം. ആവശ്യമില്ലാത്ത വിവാദങ്ങള്‍ സൃഷ്ടിച്ച് എന്നെ ഉപദ്രവിക്കരുത്,” സ്വപ്ന മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
“എന്റെ ജോലിയുമായി ബന്ധപ്പെട്ട് ഇത്രയധികം വിവാദങ്ങള്‍ എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് എനിക്കറിയില്ല. കിട്ടിയ ഓഫര്‍ ലെറ്ററില്‍ ആര്‍എസ്എസ് എന്നോ ബിജെപിയെന്നോ ഇല്ലായിരുന്നു. എനിക്ക് 43,000 രൂപ ശമ്പളമുള്ള ജോലിയാണ് അവര്‍ വാഗ്ദാനം ചെയ്തത്. താത്പര്യമുള്ള മേഖലയായതിനാലാണ് തിരഞ്ഞെടുത്തത്,” സ്വപ്ന കൂട്ടിച്ചേര്‍ത്തു.
എച്ച്ആര്‍ഡിഎസിലെ ജോലിയിലേക്കെത്തിയത് എങ്ങനെയാണെന്നും സ്വപ്ന വിശദമാക്കി. “മാധ്യമങ്ങളിലെ എന്റെ അഭിമുഖങ്ങള്‍ കണ്ട് നിരവധി പേര്‍ ജോലി വാഗ്ദാനം ചെയ്തു വിളിച്ചു. പലതും കുറഞ്ഞ ശമ്പളമായിരുന്നു. പിന്നീട് എന്റെ സുഹൃത്ത് അനില്‍ എനിക്കായി ജോലി സംഘടിപ്പിക്കാന്‍ ശ്രമിച്ചു. പലര്‍ക്കും സ്വപ്ന സുരേഷിന് ജോലി നല്‍കാന്‍ ഭയമായിരുന്നു. അങ്ങനെയാണ് എച്ച്ആര്‍ഡിഎസ് സമീപിച്ചത്,” സ്വപ്ന വ്യക്തമാക്കി.
സ്വപ്നയുടെ നിയമനത്തിന് പിന്നാലെ എച്ച്ആര്‍ഡിഎസിനെതിരെ പട്ടികജാതി പട്ടികവര്‍ഗ കമ്മിഷന്‍ കേസെടുത്തു. ആദിവാസികൾക്ക് വാസയോഗ്യമല്ലാത്ത വീടുകൾ നൽകി വഞ്ചിച്ചെന്ന പരാതിയിലായിരുന്നു നടപടി. പ്രതിവർഷം കേന്ദ്ര സർക്കാരിൻ്റെ 350 കോടി രൂപ എൻജിഒ വഴിയെത്തുന്നതായി എസ് സി എസ് ടി കമ്മിഷന്‍ അംഗം എസ്. അജയകുമാര്‍ അറിയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെയല്ല ഇതെന്നും സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്ആർഡിഎസ് എന്ന സന്നദ്ധ സംഘടനയിൽ സിഎസ്ആർ ഡയറക്ടറായാണ് സ്വപ്ന ജോലി ചെയ്യുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ജോലിയില്‍ പ്രവേശിച്ചത്.
Also Read: Election 2022: പഞ്ചാബില്‍ ഇന്ന് ജനവിധി; യുപിയില്‍ മൂന്നാം ഘട്ടം; വോട്ടെടുപ്പ് പുരോഗമിക്കുന്നു