scorecardresearch

വമ്പന്‍ സ്രാവുകള്‍ പുറത്ത്; മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വീണ്ടും ആരോപണങ്ങളുമായി സ്വപ്ന സുരേഷ്

എം ശിവ ശങ്കരനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന സുരേഷ്.

Swapna Suresh, Pinarayi Vijayan, M Sivasankar

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വീണ്ടും കടുത്ത ആരോപണങ്ങളുമായി സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. ലൈഫ് മിഷന്‍ കേസില്‍ വമ്പന്‍ സ്രാവുകള്‍ ഇപ്പോഴും പുറത്തു തന്നെയാണെന്നും അതിനുവേണ്ടി നിയമപോരാട്ടം തുടരുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും മകളും മകനും ചേര്‍ന്ന് കേരളം വിറ്റുതുലയ്ക്കാന്‍ ശ്രമിച്ചു. സി എം രവീന്ദ്രനെ ചോദ്യം ചെയ്താല്‍ സത്യം പുറത്തുവരുമെന്നും സ്വപ്ന സുരേഷ് ബംഗളുരുവില്‍ പറഞ്ഞു.

ലൈഫ് മിഷന്‍ കോഴ ഇടപാടിലെ കള്ളപ്പണ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവ ശങ്കരനെ ഇഡി അറസ്റ്റ് ചെയ്തതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന സുരേഷ്.

ശിവശങ്കറിനെ അറസ്റ്റ് ചെയ്തതില്‍ ദുഃഖമുണ്ട്. എന്നാല്‍ ഇതുകൊണ്ട് അവസാനിക്കുന്നില്ല. ഇതില്‍ ഉള്‍പ്പെട്ട ഓരോരുത്തരേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരികയെന്നതാണു എന്റെ ലക്ഷ്യം. കേരളം മൊത്തം വിറ്റുതുലയ്ക്കാന്‍ വേണ്ടി ഇറങ്ങി തിരിച്ച മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ, മകള്‍ തുടങ്ങി എല്ലാവരും പുറത്തുവരണം. കേസില്‍ കടലിനടയിലെ എല്ലാ വമ്പന്‍ സ്രാവുകളെയും പുറത്തുകൊണ്ടുവരാനാണ് താന്‍ ഇറങ്ങി തിരിച്ചിരിക്കുന്നത്. എനിക്കു ജയിലില്‍ കിടക്കേണ്ടി വന്നാലും ഇതില്‍നിന്നു പിന്മാറില്ല. ഈ ആളുകള്‍ക്കുവേണ്ടിയാണു ഞാനടക്കമുള്ളവര്‍ ഉപകരണമായത്. എല്ലാ തെളിവുകളും അന്വേഷണ ഏജന്‍സിക്കു കൈമാറിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണു ശിവശങ്കറിന്റെ അറസ്റ്റ്.

വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയെ കൂടി കേസില്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. അതാണു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ സി.എന്‍. രവീന്ദ്രന്‍. അദ്ദേഹത്തെ ചോദ്യം ചെയ്താല്‍ ഒരുപാട് കാര്യങ്ങള്‍ പുറത്തുവരും. മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെയും മകള്‍ വീണയുടെയും യു എ ഇയില്‍ ഇരുന്ന് പ്രവര്‍ത്തിക്കുന്ന മകന്റെ പങ്കും പുറത്തുവരുമെന്നും സ്വപ്ന പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Swapna suresh against chief minister pinarayi vijayan and family