കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നയുടെ മൊഴി ചോർന്ന സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിക്ക് കോടതിയുടെ നിർദ്ദേശം. കസ്റ്റംസ് കമ്മിഷണർ നടപടി സ്വീകരിക്കണമെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളം എസിജെഎം കോടതിയുടേതാണ് ഉത്തരവ്. സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണ റിപ്പോർട്ട് മൂന്ന് മാസം കൂടുമ്പോൾ സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു.
ഉദ്യോഗസ്ഥനെതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന് കോടതിയെ അറിയിക്കണം. മൊഴി ചോർന്നതിനെതിരെ സ്വപ്ന നൽകിയ ഹർജി തീർപ്പാക്കിയാണ് കോടതിയുടെ ഉത്തരവ്. കസ്റ്റംസിന് നൽകിയ രഹസ്യമൊഴി ചോർന്നതിനെ തുടർന്നാണ് സ്വപ്ന കോടതിയെ സമീപിച്ചത്. മൊഴി ചോർത്തിയ ഉദ്യോഗസ്ഥർക്കും വാർത്ത നൽകിയ മാധ്യമങ്ങൾക്കും കോടതിയലക്ഷ്യത്തിന് നടപടി ആവശ്യപ്പെട്ടായിരുന്നു സ്വപ്നയുടെ ഹർജി.
അതേസമയം കേസിൽ തങ്ങൾക്ക് രഹസ്യവിവരങ്ങൾ പങ്കുവയ്‌ക്കാനുണ്ടെന്ന് അറസ്റ്റിലായ സ്വപ്‌ന സുരേഷും സരിത്തും കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. കോടതിയോട് സ്വകാര്യമായി സംസാരിക്കാനുണ്ടെന്ന് അറിയിക്കുകയായിരുന്നു. വീഡിയോ കോൺഫറൻസിങ് വഴി ഹാജരാക്കുമ്പോൾ ചുറ്റിലും പൊലീസുകാരായതിനാൽ ഒന്നും സംസാരിക്കാനാകുന്നില്ലെന്ന് സ്വപ്‌നയും സരിത്തും കോടതിയിൽ പറഞ്ഞു. കോടതിയോട് സ്വകാര്യമായി സംസാരിക്കാന്‍ അവസരം ഉണ്ടാക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. ഇരുവരുടെയും ആവശ്യം കോടതി അംഗീകരിച്ചിരുന്നു. അഭിഭാഷകന്‍ വഴി വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ എ.സി.ജെ.എം. കോടതി നിര്‍ദേശം നല്‍കി. കഴിഞ്ഞദിവസം, സ്വപ്‌നയെയും സരിത്തിനെയും മൂന്നു ദിവസം കൂടി കസ്റ്റസ് കസ്റ്റഡിയില്‍ വിട്ടു. സ്വപ്നയുടെ മൊഴികളെ വളരെ ആശങ്കയോടെയാണു കാണുന്നതെന്നു കോടതി ഉത്തരവിൽ പരാമർശിച്ചിരുന്നു.
നവംബർ 27 നു സ്വപ്ന കസ്റ്റംസിനോടു നടത്തിയ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇരുവരുടേയും കസ്റ്റഡി നീട്ടിയത്. മൊഴി വിലയിരുത്തിയ ശേഷം എൻഐഎയും സ്വപ്നയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. നവംബർ 28, 29 തീയതികളിൽ രേഖപ്പെടുത്തിയ കൂട്ടുപ്രതി പി.എസ്. സരിത്തിന്റെ രഹസ്യമൊഴിയും സ്വപ്നയുടെ മൊഴി സാധൂകരിക്കുന്നവയാണ്. ഇതും മുദ്രവച്ച കവറിൽ കോടതിക്കു കൈമാറിയിട്ടുണ്ട്.
Read More: രഹസ്യവിവരങ്ങൾ അറിയിക്കാനുണ്ട്; സ്വപ്‌നയും സരിത്തും കോടതിയോട്