എംടി വാസുദേവന്‍നായരുടെ തിരക്കഥയില്‍ മോഹല്‍ലാല്‍ അഭിനയിക്കുന്ന ചിത്രം മഹാഭാരതം എന്ന പേരിൽ പുറത്തിറക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. ഫേസ്ബുക്കിലൂടെയാണ് സന്ദീപാനന്ദ ഗിരിയുടെ പ്രതികരണം.

അരവിന്ദന്റെ കാഞ്ചനസീത കണ്ടാരെങ്കിലും സീതയെ കണ്ടില്ലല്ലോ എന്നപരാതി പറഞ്ഞോ? പ്രേമനസീറിന്റെ ലങ്കാദഹനം സിനിമയിയില്‍ എവിടെയാ ഹനുമാനും ലങ്കയും? എന്നാണ് സന്ദീപാനന്ദ ഗിരിയുടെ ചോദ്യം.

1000കോടി മുതല്‍മുടക്കി ഇന്ത്യന്‍ സിനിമയുടെ അഭിമാനമായിമാറാന്‍ പോകുന്ന, സര്‍വോപരി ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ പോകുന്ന സിനിമയ്ക് മഹാഭാരതമെന്ന പേരിടുന്നതുകൊണ്ട് എന്താണ് കുഴപ്പം എന്ന് സന്ദീപാനന്ദഗിരി ചോദിക്കുന്നു. അദ്ദേഹം ചിത്രത്തിന് ആശംസകളും നേര്‍ന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

എന്തുകൊണ്ട് മഹാഭാരതമെന്നപേർ?
പ്രിയ സുഹൃത്തുക്കളേ രണ്ടാമൂഴം എന്നത് മലയാള ശബ്ദമാണ്.1000കോടി മുതൽമുടക്കി ഇന്ത്യൻ സിനിമയുടെ അഭിമാനമായിമാറാൻ പോകുന്ന സർവോപരി ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിക്കാൻ പോകുന്ന സിനിമയ്ക് മഹാഭാരതമെന്ന പേരിടുന്നതുകൊണ്ട് എന്താണ് കുഴപ്പം?
അരവിന്ദന്റെ കാഞ്ചനസീത കണ്ടാരെങ്കിലും സീതയെ കണ്ടില്ലല്ലോ എന്നപരാതി പറഞ്ഞോ?
പ്രേമനസീറിന്റെ ലങ്കാദഹനം സിനിമയിയിൽ എവിടെയാ ഹനുമാനും ലങ്കയും?
വ്യാസന്റെ രാമനോ സീതയോ അല്ല വാത്മീകിയുടെ രാമനും സിതയും,
ഇതുരണ്ടുമല്ല ഗോസ്വാമി തുളസീദാസിന്റെ രാമനും സീതയും അവിടെ പ്രാമുഖ്യം ഹനുമാനാണ്.
ഇതിൽനിന്നെല്ലാം വിത്യസ്തമാണ് കബരാമായണത്തിൽ രാമൻ.
വാസിഷ്ഠത്തിലേക്കുവരുന്പോൾ ഇതെല്ലാം മാറിമറയുന്നു.
ഭാഗവതത്തിലെ കൃഷ്ണനല്ല മഹാഭാരതത്തിലെ കൃഷ്ണൻ.
ഇതുരണ്ടുമല്ല നാരായണീയത്തിലെ കൃഷ്ണൻ.
ഗോപികാഗീതത്തിലെ കൃഷ്ണനല്ല ഭഗവത്ഗീതയിലെ കൃഷ്ണൻ.
അപ്പോൾ കൃഷ്ണനും രാമനും ഒരുപാടുണ്ടോ?
ഇല്ല. യോവേദാർത്ഥകൃഷ്ണരാമയോ:
രാമനും കൃഷ്ണനുമെല്ലാം വേദ താല്പര്യത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന് സാരം.
മോഹൻലാൽ എന്ന മഹാനടൻ തന്റെ ഓരോരോമകൂപങ്ങളേയും മഹാഭാരതത്തിലെ ഭീമനിലേക്ക് സന്നിവേശിപ്പിക്കുന്ന മഹാപ്രയാണത്തിലാണിപ്പോൾ,
നമ്മുടെ എല്ലാവരുടേയും പിന്തുണയും പ്രാർത്ഥനയുമാണ് വാസുവേട്ടനും,ലാലേട്ടനും ഇപ്പോൾവേണ്ടത്.
മാനുഷികവികാരങ്ങളെല്ലാമുള്ള സുന്ദരനായഭീമനാണ് എം.ടിയുടെ ഭീമൻ.
നമുക്ക് കാത്തിരിക്കാം,
എം.ടി.മലയാളത്തിനു സമ്മാനിച്ചതത്രയും ഉദാത്തങ്ങളാണ്.
എം.ടി.യെ വായിക്കാത്തവർക്കായി വാരണസി’എന്ന പുസ്തകം നിർദേശിക്കാം.
‘വാരണസി’എന്ന കൊച്ചു പുസ്തകം വായിച്ചാൽ നിങ്ങൾ ഉടൻ വാരണസിയിൽ പോകാൻ തയ്യാറെടുക്കും.
എം.ടി യിലൂടെ പ്രവർത്തിക്കുന്നത് വ്യാസനാണ് സംശയിക്കണ്ട.
എം.ടിയുടെ രണ്ടാമൂഴം മഹാഭാരതമെന്ന പേരിൽ സിനിമയായി വന്നാൽ ഇതുവരെ മഹാഭാരതം വായിക്കാത്ത സകലർക്കും മഹാഭാരതം ആഴത്തിൽ പഠിക്കാനുള്ള പ്രേരണയുണ്ടാകുമെന്നതിലും സംശയം വേണ്ട.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.