തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺ കടവിലെ ആശ്രമം ആക്രമിക്കപ്പെട്ടു. ഇന്ന് പുലർച്ചെയാണ് ആക്രമണം നടന്നത്. അക്രമി സംഘം ആശ്രമത്തിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകളും ഒരു ബൈക്കും തീയിട്ട് നശിപ്പിച്ചു.

അക്രമികൾ അഗ്നിക്കിരയാക്കിയ കാറുകൾ

കാറുകൾ പൂർണ്ണമായും കത്തി നശിച്ചു. ബൈക്കും പൂർണ്ണമായി കത്തിത്തീർന്നു. തീ പടർന്നതിനെ തുടർന്ന് ആശ്രമത്തിലെ കോൺക്രീറ്റ് കെട്ടിടത്തിനും നാശമുണ്ടായി. ആശ്രമത്തിന് മുന്നിൽ റീത്ത് വച്ചാണ് അക്രമികൾ മടങ്ങിയത്.

അക്രമികൾ കത്തിച്ച കാറുകൾ

ആശ്രമത്തിൽ നിന്ന് വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു.

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിക്കൊപ്പം നിന്ന സ്വാമി സന്ദീപാനന്ദ ഗിരി ഇടതാഭിമുഖ്യമുളള ഹൈന്ദവ സന്യാസിയാണ്. ഇദ്ദേഹത്തിന്റെ ഇത്തരത്തിലുളള നിലപാട് തീവ്ര ഹൈന്ദവ സംഘടനകളുടെ വെറുപ്പിന് കാരണമായിരുന്നു. ഇതേ തുടർന്ന് ഇദ്ദേഹത്തിന് ഭീഷണിയും നിലനിൽക്കുന്നുണ്ടായിരുന്നു.

“സ്വാമി സന്ദീപാനന്ദ ഗിരിയെ വധിക്കാനുളള ഗൂഢ ശ്രമം,” അപലപിച്ച് മുഖ്യമന്ത്രി

ആശ്രമം ആക്രമിച്ചതിന് പിന്നിൽ രാഹുൽ ഈശ്വറും സംഘപരിവാറുമാണെന്ന് സ്വാമി സന്ദീപാനന്ദ ഗിരി പറഞ്ഞു. മറുപടി പറയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. “നാളെ എന്നെയും ഇതേ പോലെ കത്തിച്ചേക്കാം. എന്നാൽ ഭയന്ന് പിന്മാറില്ല. പന്തളം കൊട്ടാരത്തിനും ബിജെപിക്കും രാഹുൽ ഈശ്വറിനും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല,” അദ്ദേഹം പ്രതികരിച്ചു.

സ്വാമി സന്ദീപാനന്ദ ഗിരിക്ക് നേരെ മുൻപും ആക്രമണം ഉണ്ടായിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.