കാസർഗോഡ്: എടനീർ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി സമാധിയായി. 79 വയസ്സായിരുന്നു. കാസർഗോഡ് എടനീർ മഠത്തിൽവച്ച് ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അന്ത്യം. വർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം.

ഇഎംഎസ് സർക്കാർ നടപ്പിലാക്കിയ ഭൂപരിഷ്‌കരണ നിയമത്തെ ചോദ്യം ചെയ്‌ത് സുപ്രീം കോടതിയെ സമീപിച്ച വ്യക്തിയാണ് സ്വാമി കേശവാനന്ദ. സ്വതന്ത്ര ഇന്ത്യയിലെ ഏറെ സുപ്രധാനമായ കേസായിരുന്നു ഇത്.

പൗരന്റെ മൗലികാവകാശം ലംഘിക്കുന്നതിനു പാർലമെന്റിനു പരമാധികാരമില്ലെന്ന സുപ്രീം കോടതി വിധി നേടിയെടുത്ത ഹർജിക്കാരനാണ് കേശവാനന്ദ ഭാരതി. ഭൂപരിഷ്‌കരണ നിയമത്തിനെതിരെ നൽകിയ ഹർജിയിലാണ് ഈ വിധി നേടിയെടുത്തത്. പിൽക്കാലത്ത് പല കോടതി വ്യവഹാരങ്ങളിലും ഈ വിധി പരാമർശിക്കപ്പെട്ടു.

Read Also: വീണ്ടും സമ്പൂർണ അടച്ചുപൂട്ടലോ? മറുപടി നൽകി മുഖ്യമന്ത്രി

കേരളസർക്കാരിനെയും മറ്റും എതിർകക്ഷിയാക്കി 1970 മാർച്ച് 21നാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വാദം നടന്ന കേസാണിത്. 68 ദിവസം വാദം നടന്നു. കേശവാനന്ദ ഭാരതി കേസ് പരാമര്‍ശിച്ചുള്ള ഒട്ടേറെ വിധികള്‍ പിന്നീടുണ്ടായി.

സ്വത്തവകാശം മൗലികാവകാശമാണോ എന്ന തർക്കം ഈ കേസിൽ പാർലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യുവാനുള്ള അധികാരത്തെ സംബന്ധിച്ച പരിശോധനയായി പരിണമിച്ചു. ഭരണഘടനയിൽ നിന്നാണ് പാർലമെന്റ് തന്നെ ഉണ്ടാകുന്നത്. അങ്ങനെയുള്ളപ്പോൾ പാർലമെന്റിനു ഭരണഘടന ഭേദഗതി ചെയ്യാൻ സാധിക്കുമോ എന്നതായിരുന്നു ഈ കേസുമായി ബന്ധപ്പെട്ട് ഉയർന്ന പ്രധാന ചോദ്യം.

ഭൂപരിഷ്‌കരണ നിയമപ്രകാരം കാസർഗോഡിന് സമീപമുള്ള എടനീർ മഠത്തിന്റെ സ്വത്തുക്കൾ കേരള സർക്കാർ ഏറ്റെടുത്തതായിരുന്നു കേസിന്റെ ആരംഭം. കേസിൽ വിധി പറഞ്ഞുകൊണ്ട് പൊതുആവശ്യങ്ങൾക്ക് വേണ്ടിയും ഭരണഘടനയുടെ ഭാഗം നാലിൽ പറയുന്ന നിർദേശക തത്വങ്ങളുടെ നടപ്പാക്കലിനായും രാഷ്ട്രത്തിന് സ്വത്തവകാശം എന്ന മൗലികാവകാശത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്ന് കോടതി വിധിച്ചു. 13 അംഗ ബഞ്ചാണ് കേസിൽ വാദം കേട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook