തിരുവനന്തപുരം: പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം മുറിച്ചെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ പോക്‌സോ കോടതി തളളി. ഗംഗേശാനന്ദയ്ക്കു ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നു പൊലീസ് കോടതിയിൽ നിലപാടെടുത്തിരുന്നു. പൊലീസിന്റ ആവശ്യം പരിഗണിച്ച് പെൺകുട്ടിയെ നുണപരിശോധനയ്ക്കും ബ്രെയിൻ മാപ്പിങ്ങിനും വിധേയയാക്കാനും തിരുവനന്തപുരം പോക്‌സോ കോടതി അനുമതി നൽകി. പെൺകുട്ടിയോട് നേരിട്ട് കോടതിയിൽ ഹാജരാകാനും നിർദേശം നൽകി.

അതിനിടെ, കേസ് ക്രൈംബ്രാഞ്ചിനു കൈമാറണമെന്ന പൊലീസ് അഭ്യർഥനപ്രകാരം സർക്കാർ കേസ് ക്രൈംബ്രാഞ്ചിനു വിട്ടിരുന്നു. പെൺകുട്ടി അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉന്നയിച്ചതിനെ തുടർന്നാണു കേസ് ക്രൈംബ്രാഞ്ചിനു കൈമാറാൻ പൊലീസ് തീരുമാനിച്ചത്.

പീഡനശ്രമത്തിനിടെ ഗംഗേശാനന്ദയെ ആക്രമിച്ചെന്നാണു പൊലീസിനും മജിസ്ട്രേട്ടിനും പെൺകുട്ടി ആദ്യം മൊഴി നൽകിയത്. എന്നാൽ പിന്നീട് കാമുകൻ അയ്യപ്പദാസാണ് ആക്രമിച്ചതെന്നും ഗംഗേശാനന്ദ നിരപരാധിയാണെന്നും അഭിഭാഷകനു നൽകിയ കത്തിൽ പെൺകുട്ടി മൊഴി മാറ്റി. കാമുകനും മറ്റുരണ്ടുപേരും ചേർന്നാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത്. കാമുകന് സ്വാമിയോടുണ്ടായിരുന്ന മുൻവൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നും പെൺകുട്ടി കത്തിൽ പറഞ്ഞിരുന്നു. ജനനേന്ദ്രിയം മുറിച്ച സംഭവത്തിനു പിന്നിൽ പൊലീസിന്റെ ഗൂഢാലോചനയുണ്ട്. മുൻവൈരാഗ്യത്തെ തുടർന്ന് കാമുകനും മറ്റുരണ്ടുപേരും ചേർന്ന് സ്വാമിയുടെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. ബാക്കി കാര്യങ്ങൾ പൊലീസ് കൂട്ടിച്ചേർത്തതാണെന്നും പെൺകുട്ടി കത്തിൽ ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ