Swachh Survekshan Results 2020: തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ സര്‍വേഷൻ 2020 റാങ്കിങില്‍ കേരളത്തില്‍ ആലപ്പുഴ നഗരത്തിന് ഒന്നാം സ്ഥാനം. അതേസമയം, രാജ്യത്തെ നഗരങ്ങളുടെ ശുചിത്വം വിലയിരുത്താന്‍ നടത്തുന്ന സര്‍വേ റാങ്കിങ്ങില്‍ സംസ്ഥാനത്തെ ഒരു നഗരവും ആദ്യ നൂറില്‍ ഇടം പിടിച്ചില്ല.
സംസ്ഥാനത്തുനിന്ന് ഏറ്റവും കൂടിയ റാങ്കില്‍ എത്തിയത് ആലപ്പുഴയാണ്. 152-ാം റാങ്കാണ് ആലപ്പുഴയ്ക്ക് ലഭിച്ചത്. 2811.75 പോയിന്റുകളാണ് ആലപ്പുഴയ്ക്കുള്ളത്. അതേസമയം, ഒന്ന് മുതല്‍ മൂന്ന് ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളില്‍ ഏറ്റവും നൂതനവും മികച്ചതുമായി ശുചിത്വ പരിപാലന രീതികള്‍ നടപ്പിലാക്കിയതിനുള്ള ദേശീയ അവാര്‍ഡും ആലപ്പുഴയ്ക്ക് ലഭിച്ചു.
കേരളത്തിലെ ഏറ്റവും ശുചിത്വമുള്ള നഗരമായി ആലപ്പുഴ തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ഏറ്റവും വൃത്തിഹീനമായ നഗരം കൊച്ചിയാണ്. പട്ടികയില്‍ കൊച്ചി 1125.20 പോയിന്റുകളോടെ 372-ാം സ്ഥാനത്താണ്.
Read Also: കോവിഡ്-19: കേരളത്തില്‍ ദേശീയ നിരക്കിനേക്കാള്‍ കൂടുതല്‍ വളര്‍ച്ച
എട്ട് നഗരങ്ങളാണ് കേരളത്തില്‍നിന്നു പട്ടികയിലുള്ളത്. തിരുവനന്തപുരം-304, പാലക്കാട്-335, കൊല്ലം-352, കോട്ടയം-355, കോഴിക്കോട്-361, തൃശൂര്‍-366 എന്നിങ്ങനെയാണ് മറ്റു നഗരങ്ങളുടെ റാങ്കുകള്‍.
ഒരു ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയിലാണ് കേരളത്തില്‍ നിന്നുള്ള നഗരങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ആലപ്പുഴ, പാലക്കാട്, കോട്ടയം എന്നിവ മുന്‍സിപ്പാലിറ്റികളും തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, തൃശൂര്‍, കൊച്ചി എന്നിവ കോര്‍പറേഷനുകളുമാണ്.
രാജ്യത്തെ കന്റോണ്‍മെന്റുകളുടെ വിഭാഗത്തില്‍ കണ്ണൂര്‍ കന്റോണ്‍മെന്റ് 47-ാം റാങ്ക് നേടി. നൂറില്‍ കുറവ് നഗരങ്ങളുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഏറ്റവും മോശം പ്രകടനമാണ് കേരളത്തിന്റേത്. 661.26 പോയിന്റുകളോടെ 15-ാം സ്ഥാനമാണ് ലഭിച്ചത്. ഈയിനത്തില്‍ ജാര്‍ഖണ്ഡ് ആണ് ഒന്നാം സ്ഥാനത്ത്.
Read Also: പേരാമ്പ്ര മത്സ്യമാർക്കറ്റ് അടച്ചിടാൻ നിർദേശം; പ്രദേശത്ത് നിരോധനാജ്ഞ
ഇന്ത്യയിലെ ഏറ്റവും ശുചിത്വ നഗരമായി സര്‍വേ കണ്ടെത്തിയത് മധ്യപ്രദേശിലെ ഇന്‍ഡോറാണ്. ഇത് തുടര്‍ച്ചയായി നാലാം തവണയാണ് ഇന്‍ഡോര്‍ ഒന്നാമത് എത്തുന്നത്.
ഗുജറാത്തിലെ സൂറത്ത് രണ്ടാം സ്ഥാനത്തും മഹാരാഷ്ട്രയിലെ നവി മുംബൈ മൂന്നാം സ്ഥാനത്തുമാണ്. കേന്ദ്ര ഭവന, നഗര കാര്യ മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ഫലം പ്രഖ്യാപിച്ചത്. ഇത് അഞ്ചാം തവണയാണ് കേന്ദ്ര സര്‍ക്കാര്‍ ശുചിത്വമുള്ള നഗരങ്ങളെ കണ്ടെത്തുന്നതിനായി സര്‍വേ നടത്തുന്നത്. ആദ്യ സര്‍വേയില്‍ മൈസുരു ആയിരുന്നു രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരം.
രാജ്യത്തെ 4,242 നഗരങ്ങളിലായി 1.9 കോടി ആളുകള്‍ സര്‍വേയില്‍ പങ്കെടുത്തു.
Read Also: Swachh Survekshan Results 2020: Indore retains cleanest city tag for fourth year in a row