തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ്.വി. പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം നേമം കാരയ്ക്കാമണ്ഡപത്തിനു സമീപമുണ്ടായ ബൈക്ക് അപകടത്തിലാണ് പ്രദീപ് മരിച്ചത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ അതേദിശയിൽ വന്ന വാഹനം ഇടിക്കുകയായിരുന്നു. ഈ വാഹനം തിരിച്ചറിഞ്ഞിട്ടില്ല.
വൈകിട്ട് മൂന്നരയോടെയാണ് സംഭവം. അപകടം വരുത്തിയ വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം നാളെ ബന്ധുക്കൾക്കു വിട്ടുനൽകും.
ജയ്ഹിന്ദ്, കൈരളി ടിവി, മനോരമ ന്യൂസ്, ന്യൂസ് 18 കേരളം, മംഗളം ടിവി തുടങ്ങി വിവിധ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും എസ്.വി പ്രദീപ് പ്രവർത്തിച്ചിട്ടുണ്ട്.
എസ്.വി. പ്രദീപിന്റെ മരണത്തിൽ അന്വേഷണം നടത്തുന്നതിനായി പൊലീസ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക.
എസ് വി പ്രദീപിന്റെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) ആവശ്യപ്പെട്ടു. നഗരത്തിലെ തിരക്കേറിയ ഭാഗത്ത് ഇരുചക്ര വാഹന യാത്രികനെ ഇടിച്ചിട്ട് വാഹനം കടന്നുകളഞ്ഞത് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ലെന്നതു ദുരൂഹമാണെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയ ഡി.ജി.പിയുടെ നടപടി സ്വാഗതാർഹമാണെന്നും യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു.