ന്യൂഡല്‍ഹി: സുസ്ഥിര വികസന ലക്ഷ്യ (എസ്.ഡി.ജി) സൂചികയില്‍ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്. 16 വികസന മാനദണ്ഡങ്ങള്‍ പരിഗണിച്ചപ്പോള്‍ നൂറില്‍ 70 പോയിന്റാണ് കേരളത്തിനു ലഭിച്ചത്. ബിഹാറാണ് ഏറ്റവും പിന്നില്‍. ബിഹാറിന് 50 പോയിന്റാണുള്ളത്. ദേശീയ ശരാശരി 60 പോയിന്റാണ്. നീതി ആയോഗാണു സൂചിക തയ്യാറാക്കിയത്.

പുരോഗതിയുടെ കാര്യത്തിൽ ഉത്തർപ്രദേശാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. യുപിയുടെ മൊത്തത്തിലുള്ള സ്കോർ 2018 ൽ 42 ആയിരുന്നെങ്കിൽ 2019 ൽ 55 ആയി ഉയർന്നു. ഒഡീഷയുടെ മൊത്തം സ്കോർ ഏഴ് പോയിന്റ് വർധിച്ചു.

Read More: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ ഇന്ന് പ്രമേയം പാസാക്കും

മൊത്തം മാനദണ്ഡങ്ങളുടെ ശരാശരിയില്‍ 65 മുതല്‍ 99 പോയിന്റ് വരെ നേടുന്നവയെ മുന്‍നിര സംസ്ഥാനങ്ങളായാണു കണക്കാക്കുന്നത്. കേരളത്തിനു പുറമേ, ഹിമാചല്‍ പ്രദേശ്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, തെലങ്കാന, കര്‍ണാടക, ഗോവ, സിക്കിം എന്നിവരാണ് ഈ കൂട്ടത്തിൽ സ്ഥാനം നേടിയത്.

കേരളം ഏറ്റവും കൂടുതൽ പോയിന്റ് നേടിയത് വ്യവസായം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയുടെ ഗണത്തിലാണ്. 88 പോയിന്റാണ് കേരളം ഈ ഗണത്തിൽ നേടിയത്. ഇതില്‍ ഗുജറാത്തും കേരളത്തിനൊപ്പമാണ്.

ആരോഗ്യ രംഗത്തും 82 പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞവര്‍ഷവും സൂചികയില്‍ കേരളമായിരുന്നു ഒന്നാം സ്ഥാനത്ത്. എന്നാല്‍ കേരളത്തില്‍ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതായും ജനന രജിസ്‌ട്രേഷന്‍, ആണ്‍-പെണ്‍ ജനന അനുപാതം എന്നിവ കുറഞ്ഞതായും സൂചികയില്‍ പറയുന്നു.

മാലിന്യ സംസ്‌കരണത്തിലും കേരളം പിന്നിലാണ്. ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ സാന്ദ്രത, റോഡ് സൗകര്യം, മാലിന്യം ശേഖരിക്കാന്‍ സംവിധാനമുള്ള വാര്‍ഡുകള്‍ തുടങ്ങിയവയില്‍ കേരളം പുരോഗതിയുണ്ടാക്കിയിട്ടുണ്ട്.

എന്നാല്‍ ലിംഗ സമത്വത്തില്‍ കാര്യമായ പുരോഗതി നേടാന്‍ കേരളത്തിനായിട്ടില്ല. ഒന്നാമതുള്ള ഹിമാചല്‍ പ്രദേശ് 52 പോയിന്റ് നേടിയപ്പോള്‍, കേരളത്തിന് 51 പോയിന്റാണുള്ളത്. ഇതില്‍ ഗുജറാത്തിന് 36 പോയിന്റ് മാത്രമാണുള്ളത്. സമാധാനം, നീതി തുടങ്ങിയവയുടെ ഗണത്തില്‍ ഗുജറാത്തിനാണ് ഒന്നാം സ്ഥാനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.