കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് എസ്പി, എ.വി.ജോര്‍ജിന് സസ്‌പെന്‍ഷന്‍. എ.വി.ജോര്‍ജിനെതിരായ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടന്നാണ് സസ്‌പെന്‍ഷന്‍. വരാപ്പുഴ കസ്റ്റഡി കൊലപാതകം നടക്കുമ്പോള്‍ ജോര്‍ജ് ആലുവ റൂറല്‍ എസ്പിയായിരുന്നു. ജോര്‍ജ് രൂപീകരിച്ച സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സായിരുന്നു ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. നേരത്തെ ജോര്‍ജിനെ തൃശൂര്‍ പൊലീസ് അക്കാദമിയിലേയ്ക്ക്സ്ഥലം മാറ്റിയിരുന്നു.

കഴിഞ്ഞ ദിവസം വരാപ്പുഴ കസ്റ്റഡിമരണം അന്വേഷിക്കുന്ന പൊലീസ് സംഘം ജോര്‍ജിനെ ചോദ്യം ചെയ്തിരുന്നു. എ.വി.ജോര്‍ജിനെതിരെ വകുപ്പ്തല അന്വേഷണത്തിനും ഉത്തരവുണ്ട്.

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ശ്രീജിത്തിന്റെ ഭാര്യ അഖില സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ കേസിലാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണം വേണ്ടെന്ന സമീപനം സ്വീകരിച്ചത്. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും വരാപ്പുഴ സ്റ്റേഷന്‍ എസ്‌ഐ ഉള്‍പ്പടെയുളള പ്രതികളൊക്കെ അറസ്റ്റിലാണെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു.

Varappuzha, Sreejith, Custody Murder, വരാപ്പുഴ, ശ്രീജിത്ത്, കസ്റ്റഡി മരണം, ഭീഷണി കത്ത്, SReejith's Family

വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്ത്

ഈ കേസ് വീണ്ടും ഈ മാസം 22 ന് കോടതിയുടെ പരിഗണനയില്‍ വരും. അതിന് മുമ്പാണ് ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. ജോര്‍ജിനെതിരെ കേസ് എടുക്കണമെന്ന് ശ്രീജിത്തിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ ഐജി ശ്രീജിത്തും ജോര്‍ജും സുഹൃത്തുക്കളാണെന്നും കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു

വരാപ്പുഴ സ്റ്റേഷനിലെ എസ്‌ഐ ജി.എസ്.ദീപക്, അന്വേഷണ ചുമതല വഹിച്ചിരുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ക്രിസ്പിന്‍ സാം, റൂറല്‍ ടൈഗര്‍ ഫോഴ്‌സ് (ആര്‍ടിഎഫ്) അംഗങ്ങളായ പി.പി.സന്തോഷ്‌കുമാര്‍, ജിതിന്‍ രാജ്, എം.എസ്.സുമേഷ് എന്നിവരെ കേസില്‍ പ്രതി ചേര്‍ത്തിരുന്നു. ഇവരില്‍ ക്രിസ്പിന്‍ സാമിന് ഒഴികെയുള്ളവര്‍ക്കെതിരെ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്. അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് റൂറല്‍ എസ്പിയായിരന്ന എ.വി.ജോര്‍ജിനെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്.

വരാപ്പുഴ സ്വദേശി വാസുദേവന്റെ വീടാക്രമിച്ച കേസില്‍ ഏപ്രില്‍ ആറിനാണ് പൊലീസ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. പൊലീസിന്റെ ക്രൂര മര്‍ദനത്തെ തുടര്‍ന്നു ശ്രീജിത്ത് മരിച്ചെന്നാണ് കേസ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ