തിരുവനന്തപുരം: പരസ്യമായി ആലിംഗനം ചെയ്ത വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്ന് പുറത്താക്കി. അഞ്ചു മാസമായി സ്‌കൂളിൽ പോകാൻ കഴിയാതെ വീട്ടിലിരിക്കുന്ന വിദ്യാർത്ഥികളുടെ ഭാവിയിൽ ആശങ്കാകുലരാണ് രക്ഷിതാക്കൾ. വിദ്യാർത്ഥികളെ സ്‌കൂളിൽ തിരികെ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് സ്‌കൂൾ അധികൃതർ.

ഓഗസ്റ്റ് 21 നാണ് മാർത്തോമ്മ ചർച്ച് എജ്യൂക്കേഷണൽ സൊസൈറ്റിയുടെ കീഴിലുള്ള സെന്റ് തോമസ് സെൻട്രൽ സ്‌കൂളിലെ വിദ്യാർഥികളെ അധികൃതർ പുറത്താക്കിയത്. വിദ്യാർത്ഥിയും, വിദ്യാർത്ഥിനിയും ഒരുമിച്ചുള്ള ചിത്രങ്ങൾ വിദ്യാർത്ഥി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതിനുപിന്നാലെയായിരുന്നു നടപടി.

വിദ്യാർത്ഥിയുടെ പരാതിയെ തുടർന്ന് സംസ്ഥാന ബാല സുരക്ഷാ കമ്മീഷൻ ഇവരെ സ്‌കൂളിൽ തിരികെ പ്രവേശിപ്പിക്കാൻ ഉത്തരവ് നൽകിയെങ്കിലും, അധികൃതർ ഹൈക്കോടതിയെ സമീപിച്ചു. വിദ്യാർത്ഥികളുടെ നടപടി സ്‌കൂളിന്റെ സൽപേരിനെ ബാധിച്ചു എന്ന് വിലയിരുത്തിയ കോടതി തിരിച്ചെടുക്കേണ്ട കാര്യം പ്രിൻസിപ്പലിന്റെ അധികാര പരിധിയിൽ ഉള്ളതാണെന്ന് ഉത്തരവിൽ പറഞ്ഞു.

“പഠിക്കാനും സ്വകാര്യതക്കുമുള്ള എന്റെ അവകാശങ്ങളാണ് നിക്ഷേധിക്കപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ പോരാടും’. പന്ത്രണ്ടാം ക്ലാസുകാരനായ വിദ്യാർത്ഥി പറഞ്ഞു. കുടുംബത്തിന്റെ ശക്തമായ പിന്തുണയുമുണ്ട് വിദ്യാർത്ഥിക്ക്.

“സംഭവത്തെ തുടർന്നുണ്ടായ മാനസിക ആഘാതത്തിൽ നിന്ന് ഇതുവരെ മുക്തി നേടിയിട്ടില്ല. ” പുറത്താക്കപ്പെട്ട വിദ്യാർത്ഥിനി പറഞ്ഞു. ഈ സ്‌കൂളിൽ തന്നെ പെൺകുട്ടിയുടെ രണ്ടാം ക്ലാസിൽ പഠിക്കുന്ന സഹോദരിക്കു എതിരെ നടപടി ഭയന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ ഇതുവരെ രംഗത്ത് വരികയോ പ്രതീകരിക്കുകയോ ചെയ്തിട്ടില്ല.

അതേസമയം സ്‌കൂൾ അധികൃതർ തനിക്കെതിരെ ദോഷകരമായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് വിദ്യാർത്ഥി പറയുന്നു. സെമസ്റ്റർ പരീക്ഷ എഴുതാൻ അനുവദിച്ചു എങ്കിലും മറ്റു വിദ്യാർത്ഥികളുമായി ഇടപഴകുന്നത് വിലക്കി. സ്‌കൂൾ ബസിൽ കയറാൻ അനുവദിക്കുന്നില്ല. പരീക്ഷ ലൈബ്രറിയിൽ ഇരുന്നാണ് എഴുതിയതെന്നും വിദ്യാർത്ഥി പറഞ്ഞു.

“ഒരു വിത്തുകാളയോടാണ് തന്റെ മകനെ സ്‌കൂളിന്റെ ഒരു പ്രതിനിധി ഉപമിച്ചത്. അവന്റെ കൂട്ടുകാരിയോടൊത്തു സമയം ചിലവഴിച്ചത് കൊണ്ട് എന്ത് കുഴപ്പമാണ് സംഭവിക്കാൻ പോകുന്നത് ? “ഓട്ടോമൊബൈൽ എൻജിനീയർ ആയ വിദ്യാർത്ഥിയുടെ പിതാവ് ചോദിക്കുന്നു.

യൂത്ത്ഫെസ്റ്റിവലിലെ പ്രകടനത്തിൽ അനുമോദിച്ചു കൊണ്ട് വിദ്യാർത്ഥിനിയെ കെട്ടിപിടിക്കുക മാത്രമാണ് ചെയ്തതെന്നും വിദ്യാർത്ഥി വ്യക്തമാക്കുന്നു.

അതേസമയം കോടതി വിധി അനുസരിക്കുക മാത്രമാണ് ചെയ്തതെന്ന് പ്രിൻസിപ്പൽ സെബാസ്റ്റ്യൻ ടി.ജോസഫ് പറഞ്ഞു. ഒരു പെൺകുട്ടിയുടെ മാതാപിതാക്കളും ഇത്തരം രംഗങ്ങൾ ആസ്വദിക്കാൻ ഇടയില്ല. കുറച്ചധികം നേരം ആവരുടെ ആലിംഗനം നീണ്ടു നിന്നതായും പ്രിൻസിപ്പൽ പറഞ്ഞു.

ഇരു കൂട്ടർക്കും സമ്മതമാകുന്ന തരത്തിൽ ഒരു തീരുമാനം കൈകൊള്ളാൻ ആണ് കോടതി നിർദേശിച്ചിരിക്കുന്നത്. എന്നാൽ വിദ്യാർത്ഥികൾ ഇപ്പോൾ മറ്റൊരു പ്രതിസന്ധി നേരിടുകയാണ്. പരീക്ഷ എഴുതണമെങ്കിൽ സിബിഎസ്ഇയുടെ അനുമതി വേണമെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. കാരണം ഇവർക്ക് വേണ്ടത്ര അറ്റന്റൻസ് ഇല്ലത്രേ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ