ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിലുണ്ടായ സംഘർഷത്തിൽ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ കൊല്ലപ്പെട്ട കേസിൽ മുൻ ആം ആദ്മി പാർട്ടി നേതാവും കൗൺസിലറുമായ താഹിർ ഹുസൈൻ കസ്റ്റഡിയിൽ. അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് വിശാല്‍ പഹുജക്ക് മുമ്പാകെ കീഴടങ്ങനെത്തിയ താഹിർ ഹുസൈന്റെ അപേക്ഷ തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് ഇയാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ചന്ദ് ബാഗിലെ അഴുക്കുചാലിൽനിന്നാണ് അങ്കിത് ശർമയുടെ മൃതദേഹം കണ്ടെടുത്തത്. ഇദ്ദേഹത്തിന്റെ മരണത്തിൽ താഹിർ ഹുസൈൻ ആരോപണവിധേയനായതോടെ പാർട്ടി താഹിറിനെ സസ്പെൻഡ് ചെയ്തിരുന്നു. താഹിർ ഹുസൈനും അനുയായികളും ചേർന്ന് അങ്കിതിനെ കൊലപ്പെടുത്തി മൃതദേഹം അഴുക്കുചാലിൽ തള്ളിയെന്നാണു ബന്ധുക്കളുടെ ആരോപണം.
ബുധനാഴ്ച ജില്ലാ കോടതിയിൽ താഹിർ ഹുസൈൻ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. അങ്കിത് ശർമ കൊല്ലപ്പെട്ട പ്രദേശത്ത് താനില്ലായിരുന്നെന്നും ഹുസൈൻ അപേക്ഷയിൽ പറഞ്ഞു. ഇത് തെളിയിക്കുന്നതിനുള്ള സാക്ഷികളും തന്റെ പക്കലുണ്ടെന്നാണ് താഹിറിന്റെ വാദം.
ഐബിയിൽ ഉദ്യോഗസ്ഥനായ അങ്കിതിന്റെ പിതാവും സഹോദരനുമാണു താഹിറിനെതിരെ രംഗത്തെത്തിയത്. അങ്കിതിനെ കൊലപ്പെടുത്തി അഴുക്കുചാലിലേക്കു വലിച്ചെറിയുന്നത് ചിലർ കണ്ടതായും ബന്ധുക്കൾ ആരോപിച്ചു. ഇക്കാര്യങ്ങൾ നിഷേധിച്ച താഹിർ, നിഷ്പക്ഷ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.