കൊച്ചി: എറണാകുളത്ത് നിപ വൈറസ് ബാധയുണ്ടെന്ന് സംശയിക്കപ്പെടുന്ന യുവാവിന്റെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും. നിപയുടെ പ്രാഥമിക ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് രക്ത സാംപിൾ പരിശോധനക്കായി അയച്ചത്. ആലപ്പുഴയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും മണിപ്പാലിലെ വൈറോളജി ലാബിലേക്കുമാണ് രക്ത സാംപിൾ പരിശോധനക്കായി അയച്ചത്.

രോഗി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുകയാണ്. വിഷയത്തില്‍ അടിസ്ഥാനരഹിതമായ ആശങ്കകള്‍ വേണ്ടെന്നും തെറ്റായ പ്രചാരണങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചിട്ടുണ്ട്. സംശയം തോന്നുന്ന രോഗിയെ പരിശോധിക്കുന്നത് സാധാരണ മെഡിക്കല്‍ നടപടിയാണെന്നും മന്ത്രി വ്യക്തമാക്കി.

ഇപ്പോള്‍ ഒറ്റയ്ക്ക് ഒരു മുറിയിലാണ് രോഗിയെ നിരീക്ഷിക്കുന്നത്. സംശയം തോന്നുന്ന രോഗികളുടെ സാംപിള്‍ എടുത്ത് ഇനിയും പരിശോധിക്കും. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ പരിശോധനാഫലം ലഭിക്കുമെന്ന് അറിയിച്ചെങ്കിലും വൈകുകയായിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ കനത്ത ജാഗ്രതയാണ് തുടരുന്നത്.

രോഗിക്ക് നിപ ബാധ സ്ഥിരീകരിച്ചു എന്ന വ്യാജപ്രചാരണത്തിനെതിരെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ രംഗത്തെത്തിയിരുന്നു. അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങളിൽ നിന്ന് വിട്ട് നിൽക്കണമെന്ന് എറണാകുളം ജില്ലാ ഭരണകൂടവും അഭ്യർഥിച്ചിട്ടുണ്ട്.

Read More: എറണാകുളത്ത് നിപ വൈറസ്: വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ജില്ലാ കലക്ടര്‍

രോഗബാധ ഇല്ലാതിരിക്കാൻ കൃത്യമായ മുൻകരുതലുകൾ എടുത്തതാണ്. ഇനി ആർക്കെങ്കിലും രോഗം സ്ഥിരീകരിച്ചാൽ കൃത്യമായി അത് ചികിത്സിക്കാനുള്ള സംവിധാനങ്ങളുണ്ട്. മരുന്നുകൾ കഴിഞ്ഞ തവണ ഓസ്ട്രേലിയയിൽ നിന്നെത്തിച്ചത് ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്. ഇത്തരമൊരു സാഹചര്യം അഭിമുഖീകരിക്കാൻ സംസ്ഥാനം സുസജ്ജമാണെന്നും കെ.കെ.ശൈലജ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook