കൊച്ചി: വരാപ്പുഴയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത കേസിലെ പ്രതിയായ ശ്രീജിത്ത് മരിച്ചു. പൊലീസ് കസ്റ്റഡിയിൽ നിന്ന് ഏറ്റ മർദ്ദനത്തെത്തുടർന്നാണ് ശ്രീജിത്ത് മരിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പൊലീസ് ശ്രീജിത്തിനെ മർദ്ദിച്ചതായി ആരോപണം ഉയർന്നതിനെത്തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസ് എടുത്തിരുന്നു.

ശനിയാഴ്ചയാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ആന്തരീകാവയവങ്ങൾക്ക് ഏറ്റ പരുക്കിനെ തുടർന്നാണ് ശ്രീജിത്ത് മരിച്ചതെന്നാണ് ആസ്റ്റർ മെഡിസിറ്റി അധികൃതർ വ്യക്തമാക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ശ്രീജിത്തിന്റെ വൻകുടൽ തകർന്നിരുന്നതായും ആശുപത്രി അധികൃതർ പറഞ്ഞു.

എന്നാൽ ശ്രീജിത്തിനെ മർദ്ദിച്ചിട്ടില്ലെന്നും അറസ്റ്റ് ചെയ്യുമ്പോൾത്തന്നെ ഇയാൾ അവശനായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. വരാപ്പുഴയിൽ രണ്ട് ദിവസമായി നടക്കുന്ന സംഘർഷത്തിൽ ശ്രീജിത്തിന് മർദ്ദനമേറ്റിരുന്നുവെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സംഭവത്തെപ്പറ്റി അന്വേഷിക്കാൻ എറണാകുളം റെയിഞ്ച് ഐ.ജിക്ക് നിർദ്ദേശം നൽകിയതായി ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വരാപ്പുഴയില്‍ ഒരു സംഘം വീട് കയറി ആക്രമിച്ചതിന് പിന്നാലെയാണ് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തത്. വരാപ്പുഴ സ്വദേശി വാസുദേവനാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശത്തെ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമത്തിന് കാരണം. ശ്രീജിത്ത് അടക്കമുളള 15 അംഗ സംഘമാണ് സിപിഎം അനുഭാവിയായ വാസുദേവന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആക്രമണം നടത്തിയത്. ആയുധങ്ങളുമായിയെത്തിയ സംഘം വാസുദേവന്റെ മകൻ സുമേഷിനെ വെട്ടിപരുക്കേൽപ്പിച്ചിരുന്നു. വാസുദേവനെയും ശ്രീജിത്തും സംഘവും അതിക്രൂരമായി മർദ്ദിച്ചിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ഇവര്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ക്കുകയും വാതില്‍ അടിച്ചു പൊളിക്കുകയും ചെയ്തു. സംഘം മടങ്ങിയതിന് പിന്നാലെയാണ് വാസുദേവന്‍ മുറിയ്ക്കുള്ളില്‍ കയറി തൂങ്ങി മരിച്ചത്. അതിക്രമത്തില്‍ മനംനൊന്താണ് വാസുദേവൻ ആത്മഹത്യ ചെയ്തതെന്ന് മകൻ പൊലീസിനോട് പറഞ്ഞു.

വാസുദേവന്റെ മകന്റെ പരാതിയിലാണ് കേസ് എടുത്തത്. പിന്നാലെയാണ് ശ്രീജിത്ത് അടക്കമുളള ഒമ്പതംഗ സംഘത്തെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. എന്നാൽ സ്റ്റേഷനിൽ നിന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീജിത്തിനെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കസ്റ്റഡിയിൽ എടുത്ത മറ്റ് പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ആദ്യം എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീജിത്തിനെ പിന്നീട് ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും നില വഷളായതോടെ ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ