തിരുവനന്തപുരം: മദ്യനയത്തില്‍ സഭയുടെ ഇരട്ടത്താപ്പ് വ്യക്തമാകുന്ന വിവരങ്ങള്‍ പുറത്ത്. ബാറുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന സഭയുടെ മുന്‍ നിലപാടിന് വിരുദ്ധമായി നിലവില്‍ ഉത്പാദിപ്പിക്കുന്ന വൈനിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ അനുമതി തേടി ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം. വിവരാവകാശ പ്രകാരം ലഭിച്ച രേഖകളിലാണ് സൂസെപാക്യം എക്സൈസ് വകുപ്പിനെ സമീപിച്ചതിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

നിലവില്‍ പ്രതിവര്‍ഷം 250 ലിറ്റര്‍ വൈന്‍ ഉത്പാദിപ്പിക്കാനാണ് ലൈസന്‍സുള്ളത്. എന്നാല്‍ ഇത് 2500 ലിറ്ററായി ഉയര്‍ത്തണമെന്നായിരുന്നു സൂസെപാക്യത്തിന്റെ ആവശ്യം. ക്രൈസ്തവ ദേവാലയങ്ങളില്‍ കുര്‍ബാനയുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങള്‍ക്കായി വൈന്‍ ഉത്പാദിപ്പിക്കാന്‍ സഭക്ക് അനുമതിയുണ്ട്. സഭയിലെ വൈദികരുടെ എണ്ണം വര്‍ധിച്ചുവെന്നും അതുകൊണ്ടാണ് വൈന്‍ ഉത്പാദനം കൂട്ടണമെന്ന് ആവശ്യപ്പെട്ടതെന്നുമാണ് രേഖകളില്‍ പറയുന്നത്.

എന്നാല്‍ അപേക്ഷയിലെ കണക്കുകള്‍ തമ്മിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി എക്സൈസ് കമ്മീഷണര്‍ സഭയുടെ ആവശ്യം നിരസിച്ചു. മദ്യനയത്തിലെ മലക്കം മറിച്ചിലിനെ കുറിച്ച് പ്രതികരിക്കാന്‍ സഭാ പ്രതിനിധികള്‍ തയ്യാറായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ