തിരുവനന്തപുരം: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മിഷൻ അദ്ധ്യക്ഷ രേഖാ ശർമയുടെ പ്രസ്താവന ദുരൂഹമാണെന്ന് കെ.സി.ബി.സി പ്രസിഡന്റ് ആർച്ച് ബിഷപ്പ് സൂസൈപാക്യം ആരോപിച്ചു. വിവിധ വിഭാഗങ്ങൾക്കിടയിൽ മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ വേണ്ടിയാണോ ഇത്തരം പ്രസ്താവനകളെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

അതേസമയം കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്റെ ശുപാര്‍ശ തെറ്റാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും പ്രതികരിച്ചു. ഇത് കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു. വനിതാകമ്മീഷന്റേത് അതിര് കടന്ന സ്ത്രീപക്ഷ ചിന്തയാണെന്നായിരുന്നു ബി ജെ പി നേതാവും ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനുമായ ജോർജ് കുര്യൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.

ക്രിസ്തീയ സഭയെ അവഹേളിക്കുന്ന നിലപാടാണ്​ ദേശീയ വനിതാ കമീഷ​ന്റേതെന്ന്  സൂസെപാക്യം കുറ്റപ്പെടുത്തി. ‘ഇനിയും തെളിക്കപ്പെട്ടിട്ടില്ലാത്ത ഒരു സംഭവത്തിൽ വേണ്ടത്ര അന്വഷണമില്ലാതെയാണ് കമീഷൻ ശിപാർശ നടത്തിയത്. കമീഷൻ അധികാര പരിധി ലംഘിക്കുകയാണുണ്ടായത്​. പ്രസ്​താവന ക്രിസ്തീയ വിശ്വാസത്തെ സംശയത്തി​​ന്റെ നിഴലിലാക്കി. തെളിയിക്കപ്പെടാത്ത കേസി​​​ന്റെ​ പേരിലാണ് സഭ ക്രൂശിക്കപ്പെടുന്നത്​. മത വിഭാഗങ്ങൾക്ക് അവരവരുടെ വിശ്വാസം അനുഷ്ഠിക്കാൻ സ്വതന്ത്ര്യമുണ്ട്. ആരും ആരെയും നിർബന്ധിക്കാറില്ല. കമീഷ​​ന്റേത്​ ഭരണഘടനാ സ്വാതന്ത്ര്യത്തി​​​ന്റെ ലംഘനമാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ടെന്നും സൂസെപാക്യം വ്യക്തമാക്കി.

‘കുമ്പസാരം തെറ്റുകൾക്കുള്ള മനഃശാസ്ത്ര പരിഹാരമാണത്. ജീവന് ബലി കഴിച്ചും കുമ്പസാര രഹസ്യം സൂക്ഷിക്കാൻ പുരോഹിതൻമാർ വിധിക്കപ്പെട്ടവരാണ്​. മനുഷ്യന് പറ്റാവുന്ന തെറ്റുകൾ ഉണ്ടാവും. അത് തിരുത്തപ്പെടും’, സൂസൈപാക്യം അറിയിച്ചു.

Read More: കുമ്പസാര നിരോധനം രേഖാശർമ്മയുടെ അഭിപ്രായം വ്യക്തിപരമെന്ന് കേന്ദ്രമന്ത്രി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.