scorecardresearch
Latest News

നെടുമങ്ങാട് സൂര്യഗായത്രി വധക്കേസിൽ പ്രതി അരുണിന് ജീവപര്യന്തം തടവുശിക്ഷ

2021 ഓഗസ്റ്റ് 30-ന് സൂര്യഗായത്രിയെ വീട്ടില്‍ കയറി സുഹൃത്തായിരുന്ന അരുണ്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു

Murder, Suryagayathri

തിരുവനന്തപുരം: നെടുമങ്ങാട് സൂര്യഗായത്രി എന്ന യുവതിയെ കുത്തികൊന്ന കേസില്‍ പ്രതി അരുണിന് ജീവപര്യന്തം ശിക്ഷ. ഇതിന് പുറമെ 20 വര്‍ഷം കഠിനതടവും ആറ് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. അരുണ്‍ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.

സൂര്യഗായത്രിയെ വീട്ടില്‍ കയറി സുഹൃത്തായിരുന്ന അരുണ്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രേണയനൈരാശ്യവും വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു കുറ്റപത്രം. കൊലപാതകം, കൊലപാതകശ്രമം, ഭവനഭേദനം, ഭയപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു.

2021 ഓഗസ്റ്റ് 30-ന് നെടുമങ്ങാടിനടുത്ത് ഉഴപ്പാക്കോണത്തെ വീട്ടിലായിരുന്നു സംഭവം. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് ഭിന്ന ശേഷിക്കാരും നിസ്സഹായകരുമായ മാതാപിതാക്കളുടെ കണ്‍മുന്‍പില്‍ വച്ചായിരുന്നു ആക്രമണം.അമ്മ വത്സലയ്ക്കും അച്ഛന്‍ ശിവദാസനുമൊപ്പം വീട്ടിനുള്ളിലിരിക്കുകയായിരുന്നു സൂര്യഗായത്രി. ശബ്ദം കേട്ട് ഗായത്രിയും അച്ഛന്‍ ശിവദാസനും പുറത്തിറങ്ങി.

പിന്നിലെ വാതില്‍കൂടി അകത്ത് കയറിയ അരുണ്‍ വീട്ടിനുളളില്‍ ഒളിച്ചിരുന്നു. അകത്തേക്ക് കയറിയ സൂര്യഗായത്രിയെ അരുണ്‍ ആക്രമിച്ചുവെന്നാണ് കേസ്. കൊലയ്ക്ക് തൊട്ടുപിന്നാലെ നാട്ടുകാര്‍ അരുണിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

അടുക്കള വാതിലിലൂടെ അകത്തു കടന്നാണ് അരുണ്‍ ക്രൂരമായി മകളെ കൊലപ്പെടുത്തിയതെന്നും മകളെ ആക്രമിക്കുന്നതു തടയാന്‍ ശ്രമിച്ചപ്പോള്‍ തന്നെയും ആക്രമിച്ചതായി സൂര്യഗായത്രിയുടെ അച്ഛമും അമ്മയും കോടതിയെ അറിയിച്ചിരുന്നു. സൂര്യഗായത്രിയെ കുത്തി ശേഷം കത്തി മടക്കിയപ്പോഴാണ് അരുണിന് പരിക്കേറ്റതെന്ന പ്രോസിക്യൂഷന്‍ സാക്ഷിയായ ഡോക്ടറുടെ മൊഴിയും നിര്‍ണായകമായി.

പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍ ഹാജരായി. ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിയായ അരുണ്‍ അറസ്റ്റ് ചെയ്ത അന്ന് മുതല്‍ ജയിലിലാണ്. നെടുമങ്ങാട് പൊലിസാണ് കുറ്റപത്രം നല്‍കിയത്.

തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടന്ന വിചാരണയില്‍ 88 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 60 രേഖകളും 50 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Suryagayathri murder case accused arun gets life sentence