കാക്കനാട്: നഗരങ്ങളിലെ ജീവിത നിലവാരം വിലയിരുത്തുന്നതിനായി കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്‍റെ ഈസ് ഓഫ് ലിവിങ് ഇന്‍ഡെക്‌സ് സര്‍വേയില്‍ കൊച്ചിയും തിരുവനന്തപുരവും. ആഗോള, ദേശീയ മാനദണ്ഡങ്ങള്‍ക്കു വിധേയമായാണ് നഗരങ്ങളുടെ നിലവാരം അളക്കുക. നഗരങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താന്‍ പ്രോത്സാഹനം നല്‍കുകയാണ് ലക്ഷ്യം.

രാജ്യത്തെ 114 തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലാണ് സര്‍വേ നടക്കുന്നത്. ഫെബ്രുവരി 29 വരെ പൊതുജനങ്ങള്‍ക്ക് സര്‍വേയില്‍ പങ്കെടുക്കാം. ഭരണ നിര്‍വഹണം, ആരോഗ്യം, ശുചിത്വം, ജലവിതരണം, സുരക്ഷ, സാമ്പത്തിക അവസരങ്ങള്‍, മിതമായ നിരക്കിലുള്ള ഭവനങ്ങളുടെ ലഭ്യത, ഊര്‍ജ വിതരണം, ഗതാഗത സൗകര്യങ്ങള്‍, വിനോദം, പരിസ്ഥിതി സംരക്ഷണം, പൊതുജന സേവനം, ജീവിത ശൈലി തുടങ്ങി 49 ഘടകങ്ങള്‍ സംബന്ധിച്ച് നഗരവാസികളുടെ കാഴ്ചപ്പാട് വ്യക്തമാക്കുകയാണ് സര്‍വേയുടെ ലക്ഷ്യം.

ഈ സൂചകങ്ങളെ 97 ഡേറ്റ പോയിന്റുകളായി രേഖപ്പെടുത്തും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നഗരങ്ങള്‍ക്ക് റാങ്കിങ് ഏര്‍പ്പെടുത്തുന്നത്. ഈസ് ഓഫ് ലിവിങ് ഇന്‍ഡെക്‌സ് 2019 സര്‍വേയില്‍ എല്ലാ നഗരവാസികളും പങ്കെടുക്കണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ് അഭ്യര്‍ത്ഥിച്ചു.

ഈസ് ഓഫ് ലിവിങ് ഇന്‍ഡെക്‌സ് സര്‍വേയുടെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ ലിങ്ക് സന്ദര്‍ശിച്ചോ പൊതുജനങ്ങള്‍ക്ക് സര്‍വേയില്‍ പങ്കെടുക്കാം. കേരള സംസ്ഥാനം തിരഞ്ഞെടുത്ത് കൊച്ചി നഗരം ക്ലിക്ക് ചെയ്ത് കൊച്ചി കോര്‍പറേഷന്റെ സേവനങ്ങളെക്കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്താം.

പൊതുസ്ഥലങ്ങള്‍, പോസ്റ്ററുകള്‍, സോഷ്യല്‍ മീഡിയ ക്യാംപെയ്‌നുകള്‍ എന്നിവയിലൂടെയെല്ലാം ക്യുആര്‍ കോഡ് ലഭ്യമാക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.