തൃശൂർ: നടന്‍ ദിലീപിന്റെ ഡി സിനിമാസിന്റെ ഭൂമി കയ്യേറിയതല്ലെന്നു സര്‍വേ വിഭാഗം കണ്ടെത്തിയതായി റിപ്പോർട്ടുകൾ. 30 വര്‍ഷത്തെ രേഖകളുടെ അടിസ്ഥാനത്തില്‍ ഇതു സംബന്ധിച്ചു ഇന്നു റിപ്പോര്‍ട്ട് സമർപ്പിക്കുമെന്ന് മനോരമാ ഓൺലൈൻ വാർത്ത നൽകുന്നു. ഇതിലും പഴയ രേഖകള്‍ ഇപ്പോൾ ലഭ്യമല്ല. സമീപത്തെ ക്ഷേത്രത്തിന് ഇനിയും പരാതിയുണ്ടെങ്കിൽ അവരുടെ കയ്യിലുള്ള രേഖകൾ ഹാജരാക്കിയാൽ വീണ്ടും സർവേ നടത്തേണ്ടിവരും.

ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ തിയറ്ററിന്റെ ഭൂമിയിൽ പുറമ്പോക്ക് ഇല്ലെന്നു സ്ഥിരീകരിച്ചു. കൂടുതൽ കൃത്യതയ്ക്കുവേണ്ടി ഇത്തവണ യന്ത്രമുപയോഗിച്ചാണ് അളന്നത്. വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ മൂന്നു വർഷം മുൻപു ഭൂമി അളന്നതിനെകുറിച്ച് പരാതി ഉയർന്നിരുന്നു. തുടർന്ന് അന്നത്തെ കലക്ടർ എം.എസ്. ജയ സർവേ വിഭാഗത്തെ വീണ്ടും അളവെടുപ്പിനു നിയോഗിച്ചു.

30 വർഷത്തിന് മുൻപുള്ള രേഖകൾ പ്രകാരം ഭൂമി രാജകുടുംബം അഗ്രശാല നിർമിക്കാൻ നൽകിയതാണെന്നാണ് പരാതിക്കാർ പറഞ്ഞിരുന്നത്. പരാതിയുടെ അടിസ്ഥാനത്തിലുള്ള രേഖകളൊന്നും അന്നു ഹാജരാക്കാൻ സാധിച്ചില്ല.
ഇപ്പോഴും അത്തരം രേഖകളൊന്നും കണ്ടെത്താനായിട്ടില്ല. പല തവണ റജിസ്ട്രേഷൻ കഴിഞ്ഞാണു ഭൂമി ദിലീപിന്റെ കയ്യിലെത്തിയത്. ഏഴു തവണയെങ്കിലും കൈമാറ്റം നടന്നിട്ടുണ്ടെങ്കിലും കയ്യേറ്റമുണ്ടായിട്ടില്ലെന്നു അധികൃതർ വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ