കൊല്ലം: കേരള തീരത്ത് കൂറ്റൻ തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതേ തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം നൽകി. കേരളത്തിന്റെ തെക്കൻ മേഖലയിലുളളവരോട് അതീവ ജാഗ്രത പാലിക്കാൻ ആണ് നിർദേശം വന്നിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ ഏജൻസിയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കേരളത്തിന്റെ തീര പ്രദേശത്ത് 2.5 മീറ്റർ മുതൽ മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തീരമേഖലകളിൽ നാളെ രാവിലെ എട്ടര മുതൽ 22 ന് അർദ്ധരാത്രി വരെ തിരയടിക്കും എന്നാണ് മുന്നറിയിപ്പ്.

വേലിയേറ്റ സമയത്തു തിരമാലകൾ കൂടുതൽ ശക്തി പ്രാപിക്കാനും ആഞ്ഞടിക്കാനും സാധ്യതയുളളതായാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. തീരത്തോട് ചേർന്ന് തിരമാലകൾ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും, തീരപ്രദേശത്ത് മത്സ്യബന്ധനം നടത്തുന്നവർ സൂക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

തീരത്ത് ബോട്ടുകൾ നിശ്ചിത അകലത്തിൽ മാത്രമേ നങ്കൂരമിടാൻ പാടുളളൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. തിര ശക്തിപ്രാപിച്ചാൽ ബോട്ടുകൾ ഉലഞ്ഞ് കൂട്ടിമുട്ടി നാശനഷ്ടം ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്.

കടൽത്തീരത്ത് രണ്ടുദിവസത്തേക്ക് വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആരും കടലിൽ ഇറങ്ങാൻ പാടില്ലെന്നും കടൽക്കാഴ്ച കാണുന്നത് രണ്ട് ദിവസത്തേക്ക് മാറ്റിവയ്ക്കണം എന്നുമാണ് നിർദ്ദേശം. തീരത്തോട് ചേർന്ന് തിരമാലകൾ കൂടുതൽ ശക്തിപ്രാപിക്കാനുളള സാധ്യത ചൂണ്ടിക്കാട്ടി ബോട്ടുകൾ കടലിലേക്കും കടലിൽ നിന്ന് കരയിലേക്കും പോകുന്നത് ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ആഴക്കടലിൽ ഇത് വെല്ലുവിളി ഉയർത്തില്ലെന്നാണ് വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.