scorecardresearch
Latest News

സുരേഷ് കല്ലട ബസിന്റെ ബുക്കിംഗ് ഓഫീസ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പൂട്ടിച്ചു

ബസ് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ മരട് പൊലീസ് നിർദേശിച്ചിട്ടുണ്ട്

Kallada Bus, കല്ലട ബസ്, Passengers Attacked, യാത്രക്കാർക്ക് മർദനം, Kerala , കേരള, Social Media

കൊച്ചി: യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ സുരേഷ് കല്ലട ബസിനെതിരെ പ്രതിഷേധം ശക്തം. കല്ലട ബസിന്റെ വൈക്കത്തെ ബുക്കിംഗ് ഓഫീസ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അടപ്പിച്ചു. വൈക്കത്തെ ഓഫിസിലേക്ക് പ്രകടനമായി എത്തിയാണ് പ്രവര്‍ത്തകര്‍ ഓഫീസ് അടപ്പിച്ചത്. കല്ലടയുടെ ഓഫീസിന് മുന്‍പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.

അതേസമയം, പൊലീസ് പിടികൂടിയവരില്‍ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കല്ലട ഓഫീസില്‍ പൊലീസ് പരിശോധന നടത്തുന്നുണ്ട്. മാനേജരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യും. സുരേഷ് കല്ലടയോട് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ അറിയിച്ചിട്ടുണ്ട്.

സുരേഷ് കല്ലട ബസ് ജീവനക്കാരായ മൂന്ന് പേര്‍ക്കെതിരെയാണ് മരട് പൊലീസ് കേസെടുത്തിരിക്കുന്നത്.കേസെടുത്തതിന് പിന്നാലെ ബസ് ഉടമയെ അടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജിതേഷ്, ജിതിൻ, ഗിരിലാൽ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

സംഭവത്തിൽ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഗതാഗത കമ്മീഷണറോടാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്. അതേസമയം, സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് ഡിജിപി അറിയിച്ചു. ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ ഗതാഗത കമ്മീഷണർ നിർദേശിച്ചിട്ടുണ്ട്.

സുരേഷ് കല്ലട ബസ് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ മരട് പൊലീസ് നിർദേശിച്ചിട്ടുണ്ട്. യാത്രക്കാരുടെ പേര് വിവരങ്ങളും പൊലീസ് സ്റ്റേഷനിൽ ഹാജരാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് മുമ്പ് ബസ് ഹാജരാക്കണമെന്നാണ് പൊലീസ് സുരേഷ് കല്ലട ബസ് ഉടമയ്ക്ക് നിർദേശം നൽകിയിരിക്കുന്നത്.

പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവരെയാണ് ജീവനക്കാര്‍ മര്‍ദിച്ച് ബസില്‍ നിന്ന് ഇറക്കിവിട്ടത്. അജയ് ഘോഷ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്.

ഹരിപ്പാട് നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്ത ജേക്കബ് ഫിലിപ്പ് എന്നയാളാണ് മർദനത്തിന്റെ വീഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. ഇത് വൈറലായി. പിന്നീട് സുരേഷ് കല്ലട ബസിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം വ്യാപക വിമർശനങ്ങളാണ് ഉയർന്നത്.

അഷ്‌കറും സച്ചിനും ഇറോഡില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ്. തിരുവനന്തപുരത്ത് സുഹൃത്തിന്റെ വീട്ടില്‍ പോയി തൃശൂരിലേക്ക് മടങ്ങുമ്പോഴാണ് മര്‍ദനമേറ്റത്. ശനിയാഴ്ച അർധ രാത്രിയിലായിരുന്നു സംഭവം അരങ്ങേറിയത്.

തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബസ് ഹരിപ്പാട് എത്തിയപ്പോൾ തകരാറിലാകുകയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും തകരാർ പരിഹരിച്ച് ബസ് പുറപ്പെടാതായതോടെ യാത്രക്കാരായ യുവാക്കൾ അത് ചോദ്യം ചെയ്യുകയായിരുന്നു.  ഇത് തര്‍ക്കത്തിന് കാരണമായി. ഹരിപ്പാട് പൊലീസെത്തിയാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ച് മറ്റൊരു ബസ് എത്തിച്ച് യാത്ര തുടരാന്‍ സൗകര്യം ഒരുക്കിയത്. രണ്ടര മണിക്കൂറോളമാണ് യാത്രക്കാർ കുടുങ്ങി കിടന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Suresh kallada bus attacking passengers case registered