കൊച്ചി: ആഡംബര കാര്‍ പുതുച്ചേരിയില്‍ വ്യാജരേഖ ചമച്ച് റജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ നടനും രാജ്യസഭ എംപിയുമായ സുരേഷ് ഗോപിയുടെ അറസ്റ്റ് മൂന്നാഴ്ച്ചത്തേക്ക് ഹൈക്കോടതി തടഞ്ഞു. അറസ്റ്റ് ഒഴിവാക്കാനായി അദ്ദേഹം കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഡിസംബര്‍ 21ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം സുരേഷ് ഗോപി ഹാജരാക്കിയ നോട്ടറിയില്‍ വ്യാജ ഒപ്പാണെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഒരു വാടക ചീട്ടും സമര്‍പ്പിച്ചിട്ടുണ്ട്. 1998 മുതല്‍ പുതുച്ചേരിയില്‍ വാടകയ്ക്ക് താമസിച്ചിട്ടുണ്ടെന്ന് പറയുന്നു. 2014 മുതലുള്ള വാടക ചീട്ട് നല്‍കിയിട്ടുണ്ട്. വിജയ എന്ന സ്ത്രീയാണ് വാടകയ്ക്ക് ഫ്ളാറ്റ് നല്‍കിയിരിക്കുന്നത്. ശ്രീവൈകുണ്ഠത്ത് ഫാം ഹൗസ് ഉണ്ടെന്നും അവിടെ എത്തുന്ന കുടുംബാംഗങ്ങള്‍ക്ക് വേണ്ടിയാണ് വാഹനം വാങ്ങിയിരിക്കുന്നതെന്നും ഹര്‍ജിക്കൊപ്പം നല്‍കിയിരിക്കുന്ന രേഖകളില്‍ പറയുന്നു.
ഓഡി കാര്‍ പുതുച്ചേരിയിലെ വ്യാജവിലാസത്തില്‍ റജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചുവെന്നാണ് സുരേഷ് ഗോപിക്കെതിരായ കേസ്. ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരമാണ് കേസ്. അമിത വേഗത്തില്‍ വാഹനമോടിച്ചതിന് പിഴയടച്ചില്ലെന്ന കുറ്റവും സുരേഷ് ഗോപിക്കെതിരെയുണ്ട്.
ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല. എംപിയായതിനു ശേഷവും മുന്‍പും രണ്ട് വാഹനങ്ങളാണ് സുരേഷ് ഗോപി പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 40 ലക്ഷം രൂപയോളമാണ് ഈ ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിന് നഷ്ടം വന്നിരിക്കുന്നതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.