കോഴിക്കോട്: തന്നെ സംഘിയെന്നോ ചാണക സംഘിയെന്നോ കെട്ടിയിറക്കിയ എംപിയെന്നോ വിളിച്ചോളൂ, തനിക്ക് വിഷമമില്ലെന്നും താൻ ആരാധ്യനായ നരേന്ദ്ര മോദിയുടെ പടയാളിയും ബിജെപി പ്രവർത്തകനുമാണെന്ന് സുരേഷ് ഗോപി. കോഴിക്കോട് സംസാരിക്കവെയായിരുന്നു സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. ശ്രീനാരായണ ഗുരുവിന്റെ ചെമ്പഴന്തിയിലെ വീടിന്റെ തറ ഇപ്പോഴും ചാണകം മെഴുകിയതാണെന്നും ആ തറയ്ക്ക് നല്ല ഉറപ്പുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
വൃത്തികെട്ട ജന്മങ്ങൾ വൃത്തികെട്ട ഭരണത്തിന് വേണ്ടി വിളംബരം എന്ന പേരിൽ നടത്തുന്ന ജൽപ്പനങ്ങളാണ് ഇതെല്ലാം എന്നും സുരേഷ് ഗോപി പറഞ്ഞു. ഭരിച്ചു തെളിയിക്കാൻ തങ്ങൾക്ക് ആയിരം പഞ്ചായത്തുകൾ തരൂ എന്നും സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞദിവസം കണ്ണൂരിൽ സംസാരിക്കുമ്പോഴും സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമായിരുന്നു സുരേഷ് ഗോപി ഉന്നയിച്ചത്. വൃത്തികെട്ട ഭരണമാണ് കേരളത്തിലേതെന്നും സർക്കാർ വിശ്വാസികളെ വിഷമിപ്പിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു. ഈ സർക്കാരിനെ ഒടുക്കിയേ മതിയാകൂ. ഇവരെ കാലിൽ തൂക്കി കടലിൽ കളയണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
Read More: ‘പിണറായി സര്‍ക്കാരിനെ ഒടുക്കിയേ മതിയാകൂ’; കാലില്‍ തൂക്കി കടലിലെറിയണമെന്ന് സുരേഷ് ഗോപി
സിപിഎം നേതാക്കളും മന്ത്രിമാരും പണം വെളുപ്പിക്കുന്നത് ഊരാളുങ്കലിൽ നിന്നാണ്. വൈദഗ്ധ്യം ഇല്ലാത്ത മേഖലകളിൽ പോലും ഊരാളുങ്കലിന് ടെണ്ടർ നൽകുന്നു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ആണിതെന്നും സുരേഷ് ഗോപി പറഞ്ഞു. സർക്കാരും പ്രതിപക്ഷവും ഒരുപോലെ പരാജയമാണെന്നും നെറികേട് കാണിച്ച ഈ സർക്കാരിനെ പ്രതിരോധിക്കാൻ പ്രതിപക്ഷത്തിന് സാധിക്കുന്നില്ലെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടിരുന്നു.
തന്റെയടുത്ത് ആവശ്യങ്ങളുമായി എത്തുന്നവർ ബി ജെ പി ജില്ലാ പ്രസിഡന്റിന്റെ ശുപാർശ കൂടി കൊണ്ടുവരണമെന്ന സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന ഏറെ വിമർശിക്കപ്പെട്ടിരുന്നു. ജില്ലാ പ്രസിഡന്റുമാരുടെ കത്തുമായി വരാത്ത ആർക്കും താൻ യാതൊരു സഹായവും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് പ്രചാരണം നടത്തവെ യു ഡി എഫ് – എൽ ഡി എഫ് സ്ഥാനാർത്ഥികൾ മലിനമാണെന്ന പരാമർശവും സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു.
നേരത്തെ, ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്നു മത്സരിച്ചു തോറ്റതാണ് സുരേഷ് ഗോപി. മികച്ച പ്രകടനം നടത്താൻ സാധിച്ചെങ്കിലും മൂന്നാം സ്ഥാനത്തായിരുന്നു സുരേഷ് ഗോപി. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തിൽ നിന്ന് സുരേഷ് ഗോപി ബിജെപി സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.