തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി എംപി. കുടുംബത്തിന്റെ വീട് പണയം വച്ചെടുത്ത വായ്പ തിരിച്ചടയ്ക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്കി. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സനലിന്റെ കുടുംബം സെക്രട്ടറിയേറ്റ് പടിക്കല്‍ സമരത്തിലാണ്. ഇവിടെ എത്തിയാണ് സുരേഷ് ഗോപി സഹായം വാഗ്ദാനം ചെയ്തത്.
സനലിന്റെ കുടുംബം സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം 16-ാം ദിവസത്തിലേക്ക് കടക്കുകയാണ്. സമരം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് കുടുംബം. സനലിന്റെ ഭാര്യ വിജിയും കുടുംബവും ഇന്ന് പട്ടിണി സമരം നടത്തും. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പട്ടിണി സമരം.
പണയം വച്ച് വനിതാ വികസന കോർപറേഷനിൽ നിന്നും എടുത്ത വായ്പ തിരിച്ചടയ്ക്കാമെന്നാണ് സുരേഷ് ഗോപി ഉറപ്പു നൽകിയത്. നെയ്യാറ്റിൻകരയിലെ വീട് പണയപ്പെടുത്തി വനിതാ വികസന കോർപറേഷനിൽ നിന്നും വായ്പയെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി ഭീഷണിയിലായിരുന്നു കുടുംബം. സുരേഷ് ഗോപി മൂന്ന് ലക്ഷം രൂപ നാളെ തന്നെ കോർപറേഷനിൽ തിരിച്ചടക്കും.
പലിശ കോർപറേഷൻ ആവശ്യപ്പെടരുതെന്നും പണം അടയ്ക്കുന്നതിലൂടെ വീടിന്റെ ജപ്തി ഒഴിവാക്കാനാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഉപാധികളോടെ സമരം അവസാനിപ്പിക്കണമെന്ന സിപിഎം നിലപാട് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.