കൊച്ചി: പുതുച്ചേരിയിൽ വാഹനം റജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസിൽ സുരേഷ് ഗോപി എംപിക്ക് ജാമ്യം. ഒരു ലക്ഷം രൂപ ബോണ്ട് കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ചോദ്യം ചെയ്യലിന് എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്നും ചോദ്യം ചെയ്യലിൽ ഇടപെടരുതെന്നും ഹൈക്കോടതി നിർദേശിച്ചു.

2010 ല്‍ 80 ലക്ഷം രൂപ വിലവരുന്ന ഓഡി ക്യൂ 7 ഉം രാജ്യസഭാ എംപിയായതിന് ശേഷം മറ്റൊരു ആഡംബരകാറും പുതുച്ചേരിയിലെ വ്യാജവിലാസത്തില്‍ റജിസ്റ്റര്‍ ചെയ്തുവെന്നാണ് സുരേഷ് ഗോപിക്കെതിരായ കേസ്. സുരേഷ് ഗോപി നികുതി വെട്ടിപ്പ് നടത്തിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

പോണ്ടിച്ചേരിയിൽ സാധാരണക്കാർ താമസിക്കുന്ന ഫ്ലാറ്റിന്റെ വിലാസത്തിൽ തന്റെ ഒഡി ക്യൂ 7 റജിസ്റ്റർ ചെയ്താണ് നികുതി വെട്ടിപ്പ് നടത്തിയത്. 2010 ലാണ് 80 ലക്ഷത്തോളം വില വരുന്ന ഒഡി ക്യൂ 7 സുരേഷ് ഗോപി പോണ്ടിച്ചേരിയിൽ റജിസ്റ്റർ ചെയ്തത്. പോണ്ടിച്ചേരി ആർടി ഓഫിസിലെ രേഖകൾ പ്രകാരം 3 സിഎ, കാർത്തിക് അപ്പാർട്മെന്റ്സ്, 100 ഫീറ്റ് റോഡ്, എല്ലെപിള്ളെച്ചാവടി, പോണ്ടിച്ചേരി എന്ന വിലാസമാണ് സുരേഷ് ഗോപി നൽകിയിരിക്കുന്നത്. പക്ഷേ ഈ വിലാസത്തിൽ താാമസിക്കുന്നവർക്കോ ഈ ഫ്ലാറ്റിൽ താമസിക്കുന്നവർക്കോ സുരേഷ് ഗോപിയെ കണ്ടു പരിചയം പോലുമില്ല. ഈ വിലാസത്തിൽ റജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കാറാണ് എംപി എന്ന നിലയിൽ തന്റെ ഔദ്യോഗിക വാഹനമായി സുരേഷ് ഗോപി ഉപയോഗിക്കുന്നത്. കേരളത്തിൽ കാർ റജിസ്റ്റർ ചെയ്തിരുന്നുവെങ്കിൽ 15 ലക്ഷത്തോളം രൂപ സംസ്ഥാന സർക്കാരിന് നികുതിയായി സുരേഷ് ഗോപി നൽകണമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.