തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ബിജെപി നടത്തുന്ന നിരാഹാര സമരത്തിന് അഭിവാദ്യം അറിയിച്ച് ബിജെപി എംപി സുരേഷ് ഗോപി എത്തി. ശോഭാ സുരേന്ദ്രനുമായി സംസാരിച്ച അദ്ദേഹം എ.എന്‍.രാധാകൃഷ്ണനും സി.കെ.പത്മനാഭനും അഭിവാദ്യം അര്‍പ്പിച്ചു. ശോഭ സുരേന്ദ്രനും മറ്റുളളവര്‍ക്കും ഭഗവാന് അയ്യപ്പന് കരുത്ത് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
‘മനക്കരുത്ത് ഉളളത് കൊണ്ടാണ് ഇത്ര ദിവസങ്ങളായി സമരം തുടരുന്നത്. ഈ സമരത്തിന് പിന്നില്‍ ഒരേ വേദനയുണ്ട്. ലോകത്താകമാനം പടര്‍ന്ന് കിടക്കുന്ന അയ്യപ്പ ഭക്തന്മാരുടെ വേദനയാണത്. ഈ സമരത്തിന്റെ പൊരുള്‍ വിശ്വാസ സംരക്ഷണമാണ്. ഇതില്‍ വിവിധ ജാതി-മത വിഭാഗത്തിൽപ്പെട്ടവര്‍ ഒത്തുകൂടുന്ന സമരമാണ്. ഇത് ഭഗവാന് അയ്യപ്പന്റെ രാഷ്ട്രീയമാണ്. കാക്കിയുടെ ബലത്തില്‍ നടത്തുന്ന കിരാതം നടുവൊടിഞ്ഞ് വീഴുന്ന കാഴ്ചയാണ് ഭഗവാന് നല്‍കുന്നത്,’ സുരേഷ് ഗോപി പറഞ്ഞു.
‘ആചാരത്തേക്കാള്‍ സംസ്കാരമാണ് ശബരിമല. അത് ലംഘിക്കുവാന്‍ കൂട്ടുനില്‍ക്കുകയാണ് രാഷ്ട്രീയ കിരാതന്മാര്. അവര്‍ണ-സവര്‍ണ മതില്‍കെട്ട് പണിയുന്ന ചിന്താഗതിയാണ് അവര്‍ക്ക്. പല മതിലുകള്‍ കെട്ടിയ രാഷ്ട്രീയ പാര്‍ട്ടിയാണ് ഭരിച്ച് കൊണ്ടിരിക്കുന്നത്. ഭിന്നിപ്പിച്ച് ഭരിക്കുകയാണ് അവരുടെ ലക്ഷ്യം. ഗാന്ധി പാര്‍ക്കില്‍ നിന്ന് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിലാണ് അതിന്റെ ആദ്യത്തെ സൂചനയുള്ളത്. വിഷവിത്ത് പാകിയ പ്രസംഗമാണത്’ സുരേഷ് ഗോപി പറഞ്ഞു.
‘പ്രജയാണ് നിങ്ങളുടെ മുന്‍ഗണനയെങ്കില്‍ ഭക്തര്‍ക്ക് സമാധാനം തിരിച്ച് നല്കി ഈ വൃത്തികെട്ട പരിപാടികളില്‍ നിന്ന് മുഖ്യമന്ത്രിയും സംഘവും പിന്നോട്ട് പോകണം. നാമജപം എന്താണെന്നും അയ്യപ്പ ദര്‍ശനം എന്താണെന്നും ആചാര്യന്മാരോട് ചോദിക്കുന്നത് നന്നായിരിക്കും. അവരുടെ മന്ത്രിമാര്‍ പറയുന്നത് പോലെ അല്ല. ദൈവികമായ സമരങ്ങള താലിബാനുമായി കൂട്ടി ചേര്‍ക്കുന്ന ശീലമാണ് അവര്‍ക്ക്. അവരെ വിളിക്കാനുളള പുലഭ്യവാക്ക് ഇന്ന് ഭൂമിമലയാളത്തില് ഇല്ല. അങ്ങനെ ഒരു പുലഭ്യവാക്ക് ഉണ്ടാവട്ടെ. ചുടല വരെയാണ് എന്ന് നിശ്ചയിച്ചെങ്കില്‍ ഒന്നടങ്കം ചുടലയില്‍ ഒടുങ്ങട്ടെ,’ സുരേഷ് ഗോപി പറഞ്ഞു.
ശബരിമല വിഷയത്തിലെ സമരം ദിവസങ്ങൾ പിന്നിട്ടിട്ടും സമരക്കാരെ ചർച്ചയ്ക്ക് വിളിക്കാനോ സമരം അവസാനിപ്പിക്കാനോ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല. സമരം അനാവശ്യമാണെന്ന തരത്തിൽ ബിജെപിയിൽ നിന്നുതന്നെ ആരോപണം ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം ശബരിമലയിലെത്തിയ രണ്ട് യുവതികള്‍ക്ക് നേരെ പ്രതിഷേധിച്ച അയ്യപ്പഭക്തരെ ഭീകരസംഘടനയോട് മന്ത്രി ഇ.പി.ജയരാജന് ഉപമിച്ചിരുന്നു. പ്രതിഷേധക്കാര്‍ താലിബാന് സംഘത്തെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് മന്ത്രി ഇ.പി.ജയരാജന്. പറഞ്ഞത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍.