പത്തനംതിട്ട: തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനര്‍ത്ഥിയും എംപിയും ആയ സുരേഷ് ഗോപിയുടെ പ്രസംഗം വിവാദത്തില്‍. എല്ലാവരുടെയും അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ വീതം ഇടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ കുറിച്ച് പറയവെയാണ് സുരേഷ് ഗോപി വിവാദ പരാമര്‍ശം നടത്തിയത്. വിദേശത്തുളള കളളപ്പണം തിരികെ കൊണ്ടു വന്നാല്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് 15 ലക്ഷം വീതം കൊടുക്കാനുളളത്രയും തുകയുണ്ടാകും എന്ന് മാത്രമാണ് മോദി പറഞ്ഞതെന്നാണ് സുരേഷ് ഗോപിയുടെ വാദം. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ റോസാപ്പൂ വെച്ച മഹാന്‍ എന്നാണ് സുരേഷ് ഗോപി വിശേഷിപ്പിക്കുന്നത്.

പൊതുവേദിയിലാണ് സുരേഷ് ഗോപി വിവാദ പ്രസംഗം നടത്തിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ അടക്കമുളളവര്‍ വേദിയിലുണ്ടായിരുന്നു.

‘പതിനഞ്ച് ലക്ഷം ഇപ്പം വരും. പുച്ഛമാണ് തോന്നുന്നത്. ഹിന്ദി നീ അറിയണ്ട. ഇംഗ്ലീഷ് നീ അറിയേണ്ട. ഇംഗ്ലീഷ് അറിയാത്തവരാരും ഇവിടെ ഇല്ല എന്ന് നീ അവകാശപ്പെടരുത്, ഹിന്ദി അറിയാത്തവരാണ് ഇവിടുള്ളത് എന്നും നീ അവകാശപ്പെടരുത്. അറിയില്ലെങ്കില്‍ അറിയുന്നവരോട് ചോദിച്ച് മനസിലാക്കണം. എന്താണ് പ്രധാനമന്ത്രി പറഞ്ഞത് ? ഇന്ത്യക്ക് പുറത്തുള്ള കള്ളപ്പണം സംഭരണ കേന്ദ്രങ്ങള്‍. സ്വിസ് ബാങ്ക് അടക്കമുള്ളവയില്‍ ഇന്ത്യന്‍ നിയമവുമായി ചെന്ന് ചോദ്യം ചെയ്യാന്‍ കഴിയില്ല. റോസാപ്പൂ വെച്ച മഹാനടക്കം വരും ആ പട്ടികയില്‍. കൊണ്ട് ചെന്ന് അവിടെ കൂമ്പാരം കൂട്ടിയ പണം കൊണ്ടുവന്നാല്‍. ഇന്ത്യന്‍ പൌരന്മാര്‍ക്ക് ഓരോരുത്തര്‍ക്കും പതിനഞ്ച് ലക്ഷം വച്ച് പങ്കുവെക്കാനുള്ള പണമുണ്ടതെന്നാണ് മോദി പറഞ്ഞത്. മോദി ഇപ്പോതന്നെ ഈ കറവ പശുവിന്റെ മുതുകില്‍ തണുത്തവെള്ളം ഒഴിച്ച് കറന്ന് ഒഴുക്കി, അങ്ങ് അണ്ണാക്കിലേക്ക് തള്ളി തരുമെന്നാണോ അതിന്റെ അര്‍ത്ഥ,’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം. സുരേന്ദ്രന് പത്തനംതിട്ടയില്‍ വോട്ട് തേടി നടത്തിയ വേദിയിലായിരുന്നു പ്രസംഗം. അയ്യന്റെ നിയോഗമാണ് സുരേന്ദ്രനെന്നും സുരേന്ദ്രനെ വിജയിപ്പിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.