/indian-express-malayalam/media/media_files/uploads/2023/02/sureshgopi.jpg)
മാധ്യമപ്രവർത്തകയോട് ക്ഷമ ചോദിച്ച് സുരേഷ് ഗോപി
തൃശ്ശൂർ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ വിജയപ്രതീക്ഷ പങ്കുവച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. "തൃശ്ശൂരില്‍ ഒരു വോട്ടിനെങ്കിലും താന്‍ ജയിക്കും. ജനങ്ങളുടെ പള്‍സ് എന്താണെന്ന് മനസിലാക്കിയിട്ടുണ്ട്. പിന്നീട് വ്യത്യസ്തമായ ഒരു തൃശ്ശൂരിനെയാണ് നിങ്ങൾ കാണാനിരിക്കുന്നത്," സുരേഷ് ഗോപി പറഞ്ഞു. എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന തൃശ്ശൂരില്‍ വലിയ പ്രതീക്ഷയാണ് സംസ്ഥാന നേതൃത്വവും പങ്കുവെക്കുന്നത്.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ബിജെപി തൃശ്ശൂരില്‍ സഹകാരി സംരക്ഷണ പദയാത്രയടക്കം സംഘടിപ്പിച്ചിരുന്നു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും സുരേഷ് ഗോപിയുമാണ് പദയാത്ര നയിച്ചത്. ഈ ഇടപെടലുകളിലെല്ലാം താന്‍ രാഷ്ട്രീയം കാണുന്നില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. നേരത്തെ, കരുവന്നൂരിൽ വാഹന ഗതാഗതം തടസ്സപ്പെടുത്തിയെന്ന് കാണിച്ച് ബിജെപിയുടെ പദയാത്രയ്ക്കെതിരെ തൃശ്ശൂർ പൊലിസ് കേസെടുത്തിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് മത്സരിക്കാന്‍ ഇഡി കളമൊരുക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വിമർശിച്ചിരുന്നു. തൃശ്ശൂരില്‍ സുരേഷ് ഗോപി മത്സരിക്കുന്നതിന് വേണ്ടിയുള്ള കളമൊരുക്കി പദയാത്ര നടത്തുകയാണ് ബിജെപി. സഹകരണ മേഖലയെ തകര്‍ക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത് പാര്‍ട്ടി നേതാക്കളെ കള്ളക്കേസില്‍ കുടുക്കി തുറുങ്കിലടയ്ക്കാനാണ് നീക്കമെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.