തൃശൂര്‍: തൃശൂരിലെ ഒരു ഗ്രാമം താന്‍ ദത്തെടുത്തിട്ടുണ്ടെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. എന്നാല്‍, ആ ഗ്രാമം ഏതാണെന്ന് താന്‍ പറയില്ലെന്നും ജനങ്ങള്‍ തന്നെ അതു കണ്ടുപിടിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂരിലെ സുരേഷ് ഗോപി ഫാന്‍സ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലാണ് താരം ഇക്കാര്യം പറയുന്നത്. ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കുകയാണ് സുരേഷ് ഗോപി. അതിനിടയിലാണ് തൃശൂരിലെ ഒരു ഗ്രാമം ഏറ്റെടുത്തതായി സുരേഷ് ഗോപി തന്നെ വെളിപ്പെടുത്തിയത്. ഗ്രാമം ഏതാണെന്ന് കണ്ടുപിടിക്കാന്‍ പരിപാടിയില്‍ പങ്കെടുത്തവരോട് സുരേഷ് ഗോപി ആവശ്യപ്പെടുന്നു. ഗ്രാമ വികസനത്തിനായി ആവശ്യമുള്ള കാര്യങ്ങള്‍ എഴുതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
Read Also: അച്ഛനെ ഇങ്ങനെ കാണാനാണ് എനിക്കിഷ്ടം; സുരേഷ് ഗോപിയോട് മകൻ ഗോകുൽ
ഒട്ടേറെ പദ്ധതികൾ ഗ്രാമത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നശിച്ച നിലയിൽ കിടക്കുന്ന ഒരു കുളത്തെ പുനരുദ്ധരിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മികച്ച ഒരു ഫുഡ്കോംപ്ലക്സ് വേണ്ടി എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപ നൽകുമെന്നും അദ്ദേഹം പറയുന്നു. തൃശൂരിലെ അവിണിശേരി പഞ്ചായത്താണ് സുരേഷ് ഗോപി ഏറ്റെടുക്കുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്നു മത്സരിച്ച ബിജെപി സ്ഥാനാർഥിയാണ് സുരേഷ് ഗോപി. ‘ഈ തൃശൂർ എനിക്ക് വേണം, ഈ തൃശൂർ നിങ്ങൾ എനിക്ക് തരണം, ഈ തൃശൂര്‍ ഞാനിങ്ങ് എടുക്കുവാ..’ എന്ന തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ സുരേഷ് ഗോപിയുടെ പ്രസംഗം നേരത്തെ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. എന്നാൽ, വാശിയേറിയ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി തോറ്റു. വോട്ടു വിഹിതം വർധിപ്പിച്ചെങ്കിലും തൃശൂരിൽ മൂന്നാം സ്ഥാനത്തായിരുന്നു ബിജെപി സ്ഥാനാർഥിയായ സുരേഷ് ഗോപി.