ന്യൂഡൽഹി: എസ്എൻസി ലാവ്‌ലിൻ കേസിലെ എല്ലാ ഹര്‍ജികളും സുപ്രീംകോടതി പരിഗണിക്കുന്നത് നാളത്തേയ്ക്ക് മാറ്റി. സിബിഐയുടെ ആവശ്യപ്രകാരമാണ് കേസ് നാളത്തേയ്ക്ക് മാറ്റിയത്. പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരനും ഈ കേസിൽ കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രതികളായ കസ്തൂരിരംഗ അയ്യര്‍, ആര്‍.ശിവദാസൻ എന്നിവരും തങ്ങളെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്.
ജസ്റ്റീിസുമാരായ എൻ.വി.രമണ, എസ്.അബ്ദുൾ നസീർ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരൻ നൽകിയ അപേക്ഷയും മുൻ അക്കൗണ്ട് ഓഫീസർ കെ.ജി.രാജശേഖരന്റെ അപ്പീലും പത്തിനു പരിഗണിക്കും.
പിണറായി വിജയൻ ഉൾപ്പടെയുള്ളവര്‍ക്കെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നുവെന്ന് സിബിഐ ചൂണ്ടിക്കാട്ടുന്നു. ഒരേ വസ്തുതയുടെ അടിസ്ഥാനത്തിൽ പരിഗണിച്ച കേസിൽ ഹൈക്കോടതി രണ്ട് തീരുമാനം എടുത്തത് നിയമപരമായി നിലനിൽക്കില്ലെന്നാണ് കസ്തൂരിരംഗ അയ്യരുടെയും ആര്‍.ശിവദാസന്റെയും ഹര്‍ജികളിൽ പറയുന്നത്.