scorecardresearch
Latest News

സിറോ മലബാര്‍ സഭാ ഭൂമിയിടപാട്: കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി സുപ്രീംകോടതി തള്ളി

പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജികളിലും കോടതി വിധി ഉണ്ടാകും.

Mar George Alencherry, syro malabar church, ie malayalam

കൊച്ചി: സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസ് റദ്ദാക്കാനുള്ള ജോര്‍ജ് ആലഞ്ചേരിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച തുടര്‍ന്നുള്ള ഉത്തരവുകളിലും സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കര്‍ദിനാള്‍ ഉള്‍പ്പടെ നല്‍കിയ ഹര്‍ജികളില്‍ വിധി പറഞ്ഞത്.

കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസുകളിലെ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ദിനാള്‍ സുപ്രീം കോടതിയെ സമീപിച്ചത്. പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജികളിലും കോടതി വിധി ഉണ്ടാകും.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പടെ നല്‍കിയ ഹര്‍ജികളില്‍ ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. സിറോ മലബാര്‍ സഭയുടെ എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പനയില്‍ ക്രമക്കേട് ആരോപിച്ചുള്ള കേസ് റദ്ദാക്കാനാകില്ലെന്ന വിധിയിലാണ്, പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കുന്നതിന് ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. ഇതിനെതിരെ സീറോ മലങ്കര സഭയുടെ ബത്തേരി രൂപതയും സിറോ മലബാര്‍ സഭയുടെ താമരശ്ശേരി രൂപതയും ആണ് സുപ്രീംകോടതിയെ സമീപിച്ചത്. പള്ളി ഭൂമികള്‍ പൊതു ട്രസ്റ്റിന്റെ ഭാഗമായി വരുമെന്നും സിവില്‍ നടപടി ചട്ടത്തിലെ 92-ാം വകുപ്പ് ബാധകമായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികള്‍. സിറോ മലബാര്‍ സഭ ഭൂമി കച്ചവടത്തില്‍ ആധാരം വില കുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്ന പരാതിയിലാണ് ഇ ഡി കേസെടുത്തത്. ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകള്‍ നടന്നതായും ഇ ഡി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Supreme court verdict today on the plea to quash the land case