പത്തനംതിട്ട: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി നിരാശാജനകമെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര്. എങ്കിലും സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്നും ബഹുമാനിക്കുന്നുവെന്നും തന്ത്രി പറഞ്ഞു. സുപ്രീം കോടതി വിധി നിരശാജനകമെന്നായിരുന്നു പന്തളം കുടുംബത്തിന്റെ പ്രതികരണം.

സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. വിധി നടപ്പാക്കാൻ ബാധ്യസ്ഥരാണ്. വിധി നടപ്പാക്കുന്നത് സംബന്ധിച്ച് തന്ത്രിയുമായി ആലോചിക്കും. സർക്കാരുമായി ആലോചിച്ച് സ്ത്രീ പ്രവേശനത്തിന് വേണ്ട സൗകര്യങ്ങൾ ദേവസ്വം ബോർഡ് ഒരുക്കും. കോടതിയുടെ വിധി പകർപ്പ് ലഭിച്ചശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു.

വിധി സ്വാഗതം ചെയ്യുമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ പറഞ്ഞു. സുരക്ഷിതമായി സ്ത്രീകൾക്ക് മല ചവിട്ടാൻ നടപടിയുണ്ടാകും. വിധി എങ്ങനെ നടപ്പാക്കണമെന്ന് ദേവസ്വം ബോർഡ് തീരുമാനിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന ചരിത്രവിധിയാണ് സുപ്രീം കോടതി ഇന്ന് പുറപ്പെടുവിച്ചത്. സ്ത്രീകളെ ദൈവമായി കണക്കാക്കിയ രാജ്യമാണ് ഇന്ത്യ. വിവേചനത്തെ ഭരണഘടന അംഗീകരിക്കുന്നില്ല. വിശ്വാസത്തിൽ തുല്യതയാണ് വേണ്ടത്. മതത്തില പുരുഷാധിപത്യം വിശ്വാസത്തിന്റെ പേരിൽ അടിച്ചേൽപ്പിക്കരുത്. അയ്യപ്പ വിശ്വാസികൾ പ്രത്യേക മതവിഭാഗമല്ല. മതത്തിലെ വിശ്വാസം ശാരീരിക അവസ്ഥയുടെ പേരിൽ വിവേചനം പാടില്ല. സ്ത്രീകളോടുളള ഇരട്ടത്താപ്പ് തരംതാഴ്ത്തുന്നതിന് തുല്യം. ആർത്തവത്തിന്റെ പേരിൽ പ്രാർത്ഥിക്കാനുളള അവകാശം നിഷേധിക്കരുത് തുടങ്ങിയ നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.