കൊച്ചി: മലങ്കര സഭാ തര്‍ക്ക കേസില്‍ പിറവം പള്ളിയില്‍ സുപ്രീം കോടതി വിധി നടപ്പാക്കി. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ പിറവം പള്ളിയില്‍ പ്രവേശിച്ചു. ഞായറാഴ്ച ആരാധനയ്ക്കായാണ് ഓര്‍ത്തഡോക്സ് വിഭാഗം വൈദികരും വിശ്വാസികളും പിറവം പള്ളിയില്‍ പ്രവേശിച്ചത്.
ഇന്ന് രാവിലെ 7.15 ഓടെയാണ് ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ചത്. 7.30 ന് പ്രഭാത പ്രാര്‍ത്ഥനയും 8.30 ന് വിശുദ്ധ കുര്‍ബ്ബാനയും നടത്തുമെന്നാണ് ഓര്‍ത്തഡോക്സ് വിഭാഗം അറിയിച്ചിട്ടുള്ളത്. ഏറെ തര്‍ക്കങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ഒടുവിലാണ് സുപ്രീം കോടതി വിധി പിറവത്ത് നടപ്പാക്കുന്നത്.
Read Also: പാലായിലെ യഥാര്‍ത്ഥ വില്ലന്‍ പിജെ ജോസഫ്: ജോസ് ടോം
ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് യാക്കോബായ വിഭാഗം പള്ളിക്ക് പുറത്ത് എത്തിയിട്ടുണ്ട്. നടുറോഡില്‍ കുത്തിയിരുന്ന് യാക്കോബായ വിഭാഗം പ്രതിഷേധിക്കുന്നു. ഓര്‍ത്തഡോക്സ് വിഭാഗം പള്ളിക്കകത്ത് ആരാധന നടത്തുമ്പോള്‍ യാക്കോബായ വിശ്വാസികള്‍ പള്ളിക്കു പുറത്തുള്ള കുരിശിന് തൊട്ടിയില്‍ വിശുദ്ധ ബലി അര്‍പ്പിക്കും. വിശ്വാസികളും വലിയ പൊലീസ് സന്നാഹമാണ് പള്ളിക്ക് പുറത്തുള്ളത്.
പിറവം പള്ളിയില്‍ ഞായറാഴ്ച ആരാധന നടത്താന്‍ ഹൈക്കോടതിയാണ് ഓര്‍ത്തഡോക്സ് പക്ഷത്തിന് അനുമതി നല്‍കിയത്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഇങ്ങനെയൊരു അനുമതി നല്‍കിയത്. മലങ്കര മെത്രാപ്പോലീത്ത നിയമിക്കുന്ന വികാരിക്ക് ആവശ്യമായ സൗകര്യങ്ങൾ സർക്കാർ ചെയ്തുകൊടുക്കണമെന്നും കോടതി പറഞ്ഞു. ആരെങ്കിലും ക്രമസമാധാന പ്രശ്നമുണ്ടാക്കിയാൽ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാൻ കോടതി ഉത്തരവിട്ടിരുന്നു.
Read Also: Horoscope of the Week (Sept 29-Oct 6, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
ഞായറാഴ്ച കുർബാനയ്ക്ക് അവസരം ഒരുക്കണമെന്ന ഓർത്തഡോക്സ് പക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാണു ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. ഇടവകക്കാർ മരിച്ചാൽ സംസ്കാരത്തിന് നിയമാനുസൃത സൗകര്യം ഒരുക്കണമെന്നു കോടതി പറഞ്ഞിരുന്നു.
1934 ലെ ഭരണഘടന അംഗീകരിക്കുന്ന വിശ്വാസികളെ ഞായറാഴ്ച ആരാധനയിൽ പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശമുണ്ട്. പ്രശ്നമുണ്ടാക്കുന്നവരെ ഹൈക്കോടതിയിൽ നിന്നു മറ്റൊരു ഉത്തരവുണ്ടാവുന്നതു വരെ മോചിപ്പിക്കരുതെന്നും കോടതി നിർദേശിച്ചു. പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തതായും പള്ളി പൂട്ടി താക്കോൽ കൈവശം സൂക്ഷിക്കുകയാണെന്നും ജില്ലാ കലക്ടർക്കുവേണ്ടി വേണ്ടി സർക്കാർ അറിയിച്ചു. പ്രദേശത്ത് പൊലീസ് സന്നാഹം തുടരാനും കോടതി ഉത്തരവിട്ടു. ക്രമസമാധാന പ്രശ്നമുണ്ടങ്കിൽ ഉടൻ കോടതിയെ അറിയിക്കണമെന്നും നിർദേശമുണ്ട്.
പിറവം പള്ളിക്കു കീഴിലുള്ള ചാപ്പലുകൾ കലക്ടർ ഏറ്റെടുത്തിട്ടില്ലന്ന് ഓർത്തഡോക്സ് പക്ഷം കോടതിയെ അറിയിച്ചു. അക്കാര്യം പള്ളിയുടെ നിയമാനുസൃത ഭരണ സംവിധാനത്തിനു തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കി. പള്ളിയിൽ പ്രവേശനത്തിന് അധികാരികൾക്ക് അപേക്ഷ നൽകാമെന്നു യാക്കോബായ പക്ഷം ചൂണ്ടിക്കാട്ടിയപ്പോൾ നിയമാനുസൃത വികാരിയെ അംഗീകരിച്ചു മുന്നോട്ടുപോകാൻ കോടതി നിർദേശിച്ചു.