കായംകുളം: സഭാ തര്‍ക്ക കേസില്‍ കോടതി വിധി നടപ്പിലാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനം കേട്ടതിനു പിന്നാലെ വിധി നടപ്പിലാക്കി ജില്ലാ ഭരണകൂടം. കായംകുളം കട്ടച്ചിറ പള്ളിയിലാണ് സംഘര്‍ഷങ്ങള്‍ക്കിടയിലും കോടതി വിധി നടപ്പിലാക്കിയത്. യാക്കോബായ വിഭാഗം പ്രതിഷേധവുമായി പള്ളിയില്‍ തമ്പടിച്ചെങ്കിലും പൊലീസ് സംരക്ഷണത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കുകയായിരുന്നു.
ജില്ലാ ഭരണകൂടമാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പള്ളിയില്‍ കയറാന്‍ അവസരമൊരുക്കിയത്. സംഘര്‍ഷ സാധ്യത ഉടലെടുത്തെങ്കിലും പൊലീസ് സംരക്ഷണത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പള്ളിയില്‍ പ്രവേശിക്കാനും പ്രാര്‍ഥനകള്‍ നടത്താനും ജില്ലാ ഭരണകൂടം സൗകര്യമൊരുക്കുകയായിരുന്നു. പുരോഹിതരും വിശ്വാസികളും അടക്കം ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍ നിന്ന് 65 ഓളം ആളുകളാണ് പള്ളിയിലേക്ക് പ്രവേശിച്ചത്. ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ കയറിയതോടെ യാക്കോബായ വിഭാഗം പ്രതിഷേധം ശക്തമാക്കി. വലിയ സംഘര്‍ഷാവസ്ഥ ഉടലെടുത്തെങ്കിലും പൊലീസ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. 2017 ജൂലെെ മൂന്നിനാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ വിധി സുപ്രീം കോടതി പുറപ്പെടുവിക്കുന്നത്.
Read Also: മലങ്കര സഭാ തര്‍ക്കം; സുപ്രീം കോടതി വിധിയും സര്‍ക്കാരിന്റെ വീഴ്ചയും
പ്രതിഷേധത്തിന്റെ ഭാഗമായി യാക്കോബായ വിശ്വാസികള്‍ റോഡില്‍ കുത്തിയിരുന്ന് പ്രാര്‍ത്ഥനാ യജ്ഞം നടത്തി. ഓര്‍ത്തഡോക്‌സ് വിഭാഗം നാളെ പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. മലങ്കര സഭാ തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ വിധി ഉണ്ടായിട്ടും ഇപ്പോഴാണ് കേരളത്തില്‍ ആദ്യമായി വിധി നടപ്പിലാക്കുന്നത്.
കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയിലെ പ്രബലരായ രണ്ട് വിഭാഗങ്ങളാണ് യാക്കോബായ വിഭാഗവും ഓര്‍ത്തഡോക്‌സ് വിഭാഗവും. മലങ്കര സഭയിലാണ് രണ്ട് വിഭാഗങ്ങളും ഉള്‍പ്പെടുന്നത്. 1912 ലാണ് മലങ്കര സഭ രണ്ട് വിഭാഗങ്ങളായി പിളരുന്നത്. ഒരു വിഭാഗം യാക്കോബായയും രണ്ടാമത്തേത്ത് ഓര്‍ത്തഡോക്‌സും. 1959 ല്‍ ഇരു വിഭാഗങ്ങളും യോജിച്ചു. എന്നാല്‍, ഈ യോജിപ്പ് 1972-73 വരെയാണ് നിലനിന്നത്. പിളര്‍പ്പ് രൂക്ഷമായ ശേഷം പള്ളികളുടെ പേരിലും സ്ഥാവര ജംഗമ വസ്തുക്കളുടെ പേരിലും യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ ഭിന്നതയുണ്ടായി. അധികാരം ഉപയോഗിച്ച് ദേവാലയങ്ങളില്‍ അവകാശം സ്ഥാപിച്ചെടുക്കാന്‍ ഇരു വിഭാഗങ്ങളും പരിശ്രമിച്ചു. പിന്നീട് വിഷയം കോടതിയിലേക്ക് നീങ്ങുകയായിരുന്നു. വിധി ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായതായിരുന്നു.
1,064 ദേവാലയങ്ങളാണ് സഭാ തര്‍ക്കത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ പതിനഞ്ച് ദേവാലയങ്ങള്‍ തര്‍ക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. 200 ഓളം ദേവാലയങ്ങള്‍ക്ക് വേണ്ടിയുള്ള തര്‍ക്കം വളരെ രൂക്ഷമാണ്. ഇരു വിഭാഗങ്ങളും ഈ സ്ഥലങ്ങളില്‍ ശക്തരായ സാന്നിധ്യമാണ്. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനെതിരെ രംഗത്തുവന്നത്.