ന്യൂഡൽഹി: വിവാദമായ ലാവലിൻ കേസ് തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും. ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജിയാണ് പരിഗണിക്കുന്നത്. കേസിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ കസ്തൂരി രംഗ അയ്യരും ആർ. ശിവദാസുമാണ് ഹർജി നൽകിയിരിക്കുന്നത്. ജസ്റ്റീസുമാരായ എം. വി രമണ, അബ്ദുൾ നസീർ എന്നിവരാണ് ഹർജി പരിഗണിക്കുന്നത്.
ഓഗസ്റ്റ് 23നാണു പിണറായി വിജയൻ അടക്കം പ്രതികളെ കേസിൽ നിന്ന് ഒഴിവാക്കികൊണ്ടു ഹൈക്കോടതി ഉത്തരവിട്ടത്. കെഎസ്ഇബി ഉദ്യോഗസ്ഥർ അടക്കം മൂന്നുപേർ മാത്രമാണ് ഇനി പ്രതിസ്ഥാനത്ത് അവശേഷിക്കുന്നത്. നേരത്തെ സിബിഐ കോടതി കേസിൽ പ്രതി ചേർത്ത എല്ലാവരെയും വെറുതെ വിട്ടിരുന്നു. ലാവലിൻ കേസിൽ സുപ്രീംകോടതി നടത്തുന്ന പരാമർശവും ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്.
ലാവലിൻ കേസിൽ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യാൻ സിബിഐ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതിനുള്ള ഒരു നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല.