Latest News

ബക്രീദിന് ലോക്ക്ഡൗൺ ഇളവ്; സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ബക്രീദ് പ്രമാണിച്ചു സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഇളവുകൾ ഇന്ന് കൂടി തുടരും

supreme court, law, ie malayalam

ന്യൂഡൽഹി: ബക്രീദിനോട് അനുബന്ധിച്ചു കേരളത്തിൽ മൂന്ന് ദിവസം ലോക്ക്ഡൗണിൽ ഇളവുകൾ നൽകിയതിന് സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ബക്രീദിന് മുൻപ് കടകൾ തുറക്കാൻ ഇളവ് നൽകിയത് ചോദ്യം ചെയ്തു നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

കോവിഡ് വ്യാപനം കൂടുതലായ ഡി വിഭാഗം പ്രദേശങ്ങളിൽ ഇളവു നൽകിയത് ഗുരുതര വിഷയമാണെന്ന് നിരീക്ഷിച്ച കോടതി, മത വിഭാഗങ്ങളോ മറ്റാരുതന്നെ സമ്മർദ്ദം ചെലുത്തിയാലും ഒരുതരത്തിലും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ തടസപ്പെടുത്താൻ കഴിയില്ലെന്ന് പറഞ്ഞു. കാൻവർ യാത്ര കേസിൽ പറഞ്ഞതൊക്കെ കേരളത്തിനും ബാധകമാണെന്നും കോടതി വ്യക്തമാക്കി.

ഇപ്പോഴത്തെ ഇളവുകൾ രോഗ വ്യാപനത്തിന് കാരണമായാൽ കേരളം ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. സർക്കാർ നൽകിയ ഇളവുകൾ ഇന്ന് തീരുന്നതിനാൽ ഉത്തരവ് റദ്ദാക്കുന്നില്ലെന്ന് പറഞ്ഞ് കോടതി ഹർജി തീർപ്പാക്കി. ജസ്റ്റിസുമാരായ ആർ.എഫ്.നരിമാൻ ബി.ആർ.ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

കോടതി നിർദേശിച്ച പ്രകാരം ഇളവുകൾ നൽകിയത് സംബന്ധിച്ചുള്ള സത്യവാങ്മൂലം സർക്കാർ ഇന്നലെ തന്നെ കോടതിയിൽ സമർപ്പിച്ചിരുന്നു.വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് ഇളവുകൾ നൽകിയത് എന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.

ഉത്സവ കാലത്തോട് അനുബന്ധിച്ച് വ്യാപാരികൾ ഉൽപ്പന്നങ്ങൾ വിൽപനക്കായി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും കടകൾ തുറക്കുമെന്ന് പ്രഖ്യാപിച്ച് വ്യാപാരികളുടെ സംഘടന പ്രക്ഷോഭം ആരംഭിച്ചുവെന്നും സംസ്ഥാന സർക്കാർ കോടതിയോട് പറഞ്ഞു. ഇത്തരം കാര്യങ്ങൾ പരിഗണിച്ചാണ് ലോക്ക്ഡൗൺ ഇളവിനുള്ള തീരുമാനത്തിൽ സംസ്ഥാന സർക്കാർ എത്തിയതെന്നും സത്യവാങ്മൂലത്തിലുള്ളതായി ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു.

എല്ലാ മാനദണ്ഡങ്ങളും പാലിച്ചാവും ലോക്ക്ഡൗൺ ഇളവുകളെന്നും ഒരു കോവിഡ് വാക്സിനെങ്കിലും എടുത്തവർക്ക് മാത്രമാണ് കടകളിൽ പ്രവേശിക്കാനാവുകയെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും സർക്കാർ പറഞ്ഞു.

തിങ്കളാഴ്ച തന്നെ സർക്കാരിനോട് വിശദീകരണം നൽകാൻ ജസ്റ്റിസുമാരായ ആർ.എഫ്.നരിമാനും ബി.ആർ.ഗവായും ഉൾപ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്‍ പികെഡി നമ്പ്യാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.

Also read: വ്യാപാരികളുടെ ദുരിതം ലഘൂകരിക്കാൻ; ലോക്ക്ഡൗൺ ഇളവിൽ കേരളത്തിന്റെ സത്യവാങ്ങ്മൂലം

അതേസമയം, ബക്രീദ് പ്രമാണിച്ചു സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഇളവുകൾ ഇന്ന് കൂടി തുടരും. ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന ഡി വിഭാഗം പ്രദേശങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് ഇളവുകൾ.

സംസ്ഥാനത്ത് കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ നൽകുന്നത് സംബന്ധിച്ചു ഇന്ന് വൈകുന്നേരം ചേരുന്ന അവലോകന യോഗത്തിൽ തീരുമാനം ഉണ്ടായേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വൈകുന്നേരം മൂന്നരയ്ക്കാണ് അവലോകന യോഗം. എന്നാൽ ടിപിആർ ഉയർന്നു നിൽക്കുമ്പോൾ കൂടുതൽ ഇളവുകൾക്ക് സാധ്യത കുറവാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Supreme court to decide on bakrid lockdown restrictions in kerala

Next Story
ആ കെട്ടിടം, ഒരു പ്രേതാലയമായി അവിടെ കിടക്കണം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express