ന്യൂഡൽഹി: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഏറെ വിലപിടിപ്പുള്ള ആഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്നബി നിലവറ തുറന്ന് പരിശോധിക്കണമെന്ന് സുപ്രീം കോടതി. ഇത് ആചാരങ്ങളുടെ ലംഘനമാകില്ലെന്നും കോടതി നിരീക്ഷിച്ചു. രാജകുടുംബത്തിന്റെ യോഗം വിളിച്ച് അമിക്കസ് ക്യുറി ഈ വിഷയത്തിലെ നിലപാടറിയണമെന്നും കോടതി ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് ബി.നിലവറ തുറക്കാന്‍ ആവശ്യപ്പെട്ടത്. ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വജ്രാഭരണങ്ങള്‍ കാണാതായ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അമിക്കസ് ക്യുറി നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.

ബി. നിലവറ തുറന്നാല്‍ ആരുടെയും വികാരം വ്രണപ്പെടില്ലെന്നും ഇത് ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ലംഘനമാകില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. നിലവറ തുറക്കാതിരിക്കുന്നത് അനാവശ്യ വിവാദങ്ങൾക്ക് വഴിവയ്ക്കും. ഈ സാഹചര്യത്തിൽ നിലവറ തുറന്ന് വസ്തുക്കളുടെ മൂല്യം കണക്കാക്കണമെന്നാണ് ഡിവിഷൻ ബഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.

രാജകുടുംബത്തിന്റെ അഭിപ്രായം തേടിയ ശേഷം ഉടൻ ഇക്കാര്യം കോടതിയെ അറിയിക്കണമെന്നും ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി ഉന്നത ഉദ്യോഗസ്ഥനടക്കം പ്രത്യേക സേനയെ നിയമിക്കണമെന്ന ആവശ്യം കോടതി മുന്നോട്ട് വച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിനോടാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

സാമ്പത്തിക കാര്യങ്ങൾ പരിശോധിക്കുന്നതിനും വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കുന്നതിനും സാമ്പത്തിക വിദഗദ്ധനെ നിയമിക്കണം. രണ്ടാഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ റിപ്പോർട്ട് സമർപ്പിക്കണം.

അതേസമയം എട്ട് വജ്രങ്ങൾ കാണാതായ സംഭവത്തിൽ പ്രത്യേക അന്വേഷണം ആവശ്യമാണെന്ന അമിക്കസ് ക്യുറിയുടെ വാദം കോടതി തള്ളി. വജ്രാഭരണം നഷ്ടപ്പെട്ട കേസിൽ പോലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്നാണ് അമിക്കസ് ക്യുറി കോടതിയെ അറിയിച്ചത്. എന്നാൽ ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം മുന്നോട്ട് പോകുന്നതാണ് ഉചിതമെന്നാണ് സുപ്രീം കോടതി നിലപാടെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.