ന്യൂഡൽഹി: വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടിക്ക് സുപ്രീം കോടതിയുടെ സ്റ്റേ. ജഡ്ജിമാർക്കെതിരെ നടത്തിയ പരാമർശത്തിന് കേരള ഹൈക്കോടതി ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടി ആരംഭിച്ചിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.

ജേക്കബ് തോമസ് നടത്തിയത് ജഡ്ജിമാർക്കെതിരായ വിമർശനമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സംവിധാനം മെച്ചപ്പെടുത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. സർക്കാർ സംവിധാനത്തിലെ തകരാറുകളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. പ്രോസിക്യൂഷന് കോടതികളില്‍ നിന്ന് തിരിച്ചടിയുണ്ടായപ്പോഴാണ് പ്രതികരിച്ചത്. അതെങ്ങനെ കോടതിയലക്ഷ്യമാകുമെന്നും കോടതി ചോദിച്ചു.

ജേക്കബ് തോമസ് കേന്ദ്ര വിജിലൻസ് കമ്മിഷണർക്ക് അയച്ച കത്ത് ജഡ്ജിമാർക്കെതിരായ വിമർശനമായി കാണാനാകില്ല. ഹൈക്കോടതി ഇത്ര തൊട്ടാവാടിയാകാമോയെന്നും സുപ്രീം കോടതി ചോദിച്ചു.

കേന്ദ്ര വിജിലൻസ് കമീഷന് അയച്ച പരാതിയിൽ ജേക്കബ് തോമസ് ഹൈക്കോടതി ജഡ്ജിമാർക്കെതിരെ പരാമർശം നടത്തിയിരുന്നു. ജസ്റ്റിസുമാരായ പി.ഉബൈദും എബ്രഹാം മാത്യുവും വിവിധ കേസുകളിലായി നിരന്തരം തനിക്കെതിരെ വിമർശനം ഉന്നയിക്കുന്നുവെന്ന് അദ്ദേഹം കത്തിൽ ആരോപിച്ചിരുന്നു. തുടർന്ന് ജഡ്ജിമാർക്കെതിരായ പരാമർശം കോടതിയലക്ഷ്യമാണെന്ന് ആരോപിച്ച് അഭിഭാഷകൻ ബി.എച്ച്.മൻസൂർ ഹൈക്കോടതി റജിസ്ട്രാർക്ക് പരാതി നൽകി.

ജേക്കബ് തോമസിന്റെ നടപടിയിൽ പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യത്തിന് കാരണമുണ്ടെന്ന് വിലയിരുത്തിയ ചീഫ് ജസ്റ്റിസ് സ്വമേധയാ കോടതിയലക്ഷ്യത്തിന് കേസെടുക്കാൻ ഉത്തരവിട്ടു. ജഡ്ജിമാർക്കെതിരായ പരാതി അന്വേഷിക്കാൻ കേന്ദ്ര വിജിലൻസ് കമ്മിഷണർക്ക് അധികാരമില്ലെന്ന് ജേക്കബ് തോമസിന് അറിയാമായിരുന്നിട്ടും ഇത്തരമൊരു നടപടിക്ക് മുതിർന്നത് കോടതിയെ അവഹേളിക്കാൻ വേണ്ടിയാണെന്നുമായിരുന്നു കോടതി പരാമർശം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ