/indian-express-malayalam/media/media_files/uploads/2018/11/KM-Shaji.jpg)
ന്യൂഡല്‍ഹി: കെ.എം.ഷാജിയെ അയോഗ്യനാക്കിയ ഉത്തരവ് സുപ്രീം കോടതി ഭാഗികമായി സ്‌റ്റേ ചെയ്തു. കേസ് പരിഗണിക്കുന്നത് കോടതി ജനുവരിയിലേക്ക് മാറ്റി. ഷാജിയെ നിയമസഭാംഗമല്ലാതാക്കിയ നിയമസഭാ സെക്രട്ടറിയുടെ ഉത്തരവ് പിന്‍വലിക്കും. അതേസമയം, നിയമസഭയില്‍ വോട്ട് ചെയ്യാനും ആനുകൂല്യങ്ങള്‍ വാങ്ങാനും യോഗ്യതയുണ്ടായിരിക്കില്ല. സുപ്രീം കോടതി ഉത്തരവ് കിട്ടിയാലുടന്‍ പുതിയ ഉത്തരവിറക്കുമെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു. ജസ്റ്റിസ് സിക്രി അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്.
ലഘുലേഖകളിലൂടെ മതവികാരം ഉണര്‍ത്തിയും എതിര്‍സ്ഥാനാർത്ഥിയെ അപകീര്‍ത്തിപ്പെടുത്തിയും ക്രമക്കേട് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എം.ഷാജിയുടെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയത്. എതിർസ്ഥാനാർത്ഥിയായിരുന്ന എം.വി.നികേഷ് കുമാറായിരുന്നു ഷാജിക്കെതിരെ പരാതി നല്‍കിയത്.
കണ്ണൂരിലെ അഴീക്കോട് മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി രണ്ടാം തവണയാണ് മുസ്‌ലിം ലീഗ് നേതാവായ ഷാജി ജയിച്ചത്. 2011 ലാണ് സിപിഎമ്മിന്റെ കുത്തക സീറ്റായിരുന്ന അഴീക്കോട് മുസ്‌ലിം ലീഗ് പിടിച്ചെടുത്തത്. സിപിഎമ്മിലെ സിറ്റിങ് എംഎല്‍എയായിരുന്ന എം.പ്രകാശനെ തോല്‍പ്പിച്ചാണ് 2011ല്‍ ഷാജി അഴീക്കോട് സീറ്റില്‍ വിജയിച്ചത്. 2016 ല്‍ രണ്ടാം തവണ വീണ്ടും മത്സരിച്ച ഷാജി അഴീക്കോട് മണ്ഡലത്തില്‍ വീണ്ടും ജയിച്ചു. അന്ന് മാധ്യമപ്രവര്‍ത്തകനും സിഎംപി സ്ഥാപകന്‍ എം.വി.രാഘവന്റെ മകനുമായ നികേഷ് കുമാറായിരുന്നു എതിരാളി.
ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നായിരുന്നു കെ.എം.ഷാജിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച ഇക്കാര്യം പരാമര്‍ശിച്ചപ്പോള്‍ സ്റ്റേ ആവശ്യം പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.