ന്യൂഡൽഹി: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യ ഹർജി റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജിഷ്ണു പ്രണോയിയുടെ മരണത്തിൽ ഇപ്പോൾ കൃഷ്ണദാസിനെതിരെ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സുപ്രീം കോടതി തള്ളിയത്.

കേസിൽ സർക്കാരാണ് സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. ഇതിനോട് കക്ഷി ചേർന്ന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും കോടതിയിൽ കക്ഷി ചേർന്നിരുന്നു. “മറ്റ് പ്രതികളുടെ മൊഴികൾ മാത്രമാണ് കേസിൽ കൃഷ്ണദാസിന് എതിരെയുള്ളത്” എന്ന് കോടതി നിരീക്ഷിച്ചു.

വിശദമായി അന്വേഷിച്ച ശേഷം കൂടുതൽ തെളിവുണ്ടെങ്കിലേ അറസ്റ്റ് അനുവദിക്കാനാവൂ എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ കേസിൽ അന്വേഷണ സംഘം കൂടുതൽ സമ്മർദ്ദത്തിലായി.

നേരത്തേ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി.കൃഷ്ണദാസിനെ പൊലീസ് ഒന്നാം പ്രതിയാക്കിയിരുന്നു. എന്നാൽ പി.കൃഷ്ണദാസിനു ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പോയത്.

കൃഷ്ണദാസിനു ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. കേസിൽ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിനെതിരെ സൂപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജിഷ്ണുവിന്റെ മാതാപിതാക്കൾക്ക് നേരത്തെ ഉറപ്പു നല്‍കിയിരുന്നു. പി.കൃഷ്ണദാസിനെതിരെ കൂട്ടുപ്രതികളുടെ മൊഴി മാത്രമേ ഉളളൂവെന്ന് കോടതി നിരീക്ഷിച്ചതോടെ പൊലീസ് ഇപ്പോൾ പ്രതിസ്ഥാനത്തായി.

അതേസമയം, ലക്കിടി കോളജിൽ വിദ്യാർഥിയെ മർദ്ദിച്ച കേസിലും പി.കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. വടക്കഞ്ചേരി കോടതി കേസിലെ മൂന്നാം പ്രതി നെഹ്റു ഗ്രൂപ്പിന്റെ ലീഗൽ അഡ്വൈസർ സുചിത്രയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ