ന്യൂഡൽഹി: സെൻകുമാറിനെ ഡിജിപി സ്ഥാനത്തു നിന്നും മാറ്റിയത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. ജിഷ വധക്കേസ്, പുറ്റിങ്ങൽ കേസ് എന്നിവ പറഞ്ഞ് സെൻകുമാറിനെ ഡിജിപി സ്ഥാനത്തുനിന്നും മാറ്റാൻ കഴിയില്ല. സെൻകുമാറിനെ പൊലീസ് മേധാവിയായി നിയമിക്കണമെന്നും കോടതി ഉത്തരവിട്ടു. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയതിനെ ചോദ്യം ചെയ്ത് ഡിജിപി: ടി.പി.സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി.

സർക്കാരിന്റെ ഭരണപരമായ തീരുമാനമാണെന്ന് അറിയിച്ചിരുന്നുവെങ്കിലും അത് തളളിയാണ് കോടതി സെൻകുമാറിനെ മാറ്റിയ സർക്കാർ തീരുമാനത്തിനെതിരെ വിധിപറഞ്ഞതന്നാണ് ആദ്യ വിവരം. കഴിഞ്ഞ വർഷം ജൂൺ ഒന്നിനാണ് ഡി ജിപി സ്ഥാനത്തു നിന്നും സെൻകുമാറിനെ മാറ്റാൻ പിണറായി വിജയൻ സർക്കാർ തീരുമാനിച്ചത്. പിന്നീട് ലോക്‌നാഥ് ബെഹ്‌റയെ ഡിജിപിയായി നിയമിക്കുകയും ചെയ്തു.

ജിഷ, പുറ്റിങ്ങൽ കേസുകളിൽ സ്വീകരിച്ച നിലപാട് പൊലീസിനെ കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അതൃപ്തി ഉണ്ടാക്കിയതിനാലാണു പൊലീസ് മേധാവി സ്ഥാനത്തുനിന്ന് സെൻകുമാറിനെ മാറ്റിയതെന്നായിരുന്നു കോടതിയിൽ സംസ്ഥാന സർക്കാരിന്റെ വാദം. ജിഷാകേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ കാലതാമസം വരുത്തി പൊലീസ് ഉദ്യോഗസ്ഥരെ സെൻകുമാർ സംരക്ഷിക്കാൻ ശ്രമിച്ചു. പുറ്റിങ്ങൽ അപകടത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നതിനു പകരം കൊല്ലം ജിലാഭരണക്കൂടത്തെ പഴിചാരാനാണു സെൻകുമാർ ശ്രമിച്ചതെന്നും സർക്കാർ കോടതിയിൽ വാദിച്ചിരുന്നു. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണു സർക്കാരിനു വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്.

തന്നെ സ്ഥലംമാറ്റിയ നടപടി നിലവിലുളള സുപ്രീംകോടതി വിധികളുടെ ലംഘനമാണെന്നായിരുന്നു സെൻകുമാറിന്റെ വാദം. ജിഷ, പുറ്റിങ്ങൽ കേസുകളിൽ വീഴ്ച വരുത്തിയിട്ടില്ലെന്നും സ്ഥലംമാറ്റുന്നതുമായി ബന്ധപ്പെട്ട പൊലീസ് നിയമത്തിലെ വകുപ്പുകൾ ഭരണഘടനാവിരുദ്ധമാണെന്നും റദ്ദുചെയ്യണമെന്നും സെൻകുമാറിനു വേണ്ടി ഹാജരായ അഭിഭാഷകൻ ദുഷ്യന്ത് ദവെ കോടതിയോട് ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ