ന്യൂഡൽഹി: ശബരിമല ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന തിരുവാഭരണങ്ങൾ പന്തളം രാജകുടുംബം കൈവശം വയ്ക്കുന്നതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതി. തിരുവാഭരണം പന്തളം കൊട്ടാരത്തില്‍ സുരക്ഷിതമാണോയെന്ന് സംസ്ഥാന സര്‍ക്കാര്‍ വെള്ളിയാഴ്ചയ്ക്കകം അറിയിക്കണമെന്നും സുപ്രീംകോടതി.

തിരുവാഭരണങ്ങൾ ദൈവത്തിന് സമർപ്പിച്ചതാണെന്നും ഇതിൽ രാജകുടുംബത്തിന് അവകാശമില്ലെന്നും കോടതി പറഞ്ഞു. തിരുവാഭരണത്തിന്‍റെ ഉടമസ്ഥത ദൈവത്തിനാണോ രാജകുടുംബത്തിനാണോയെന്ന് വിശദമാക്കണമെന്ന് ജസ്റ്റിസ് എൻവി രമണ ആവശ്യപ്പെട്ടു.

പന്തളം കൊട്ടാരത്തില്‍ തര്‍ക്കം രൂക്ഷമാണെന്നും സംസ്ഥാന സര്‍ക്കാരിന് തിരുവാഭരണങ്ങള്‍ ഏറ്റെടുത്തുകൂടെയെന്നും കോടതി ചോദിച്ചു. തിരുവാഭരണം ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ വാക്കാല്‍ കോടതിയെ അറിയിച്ചു. തിരുവാഭരണങ്ങള്‍ ക്ഷേത്രത്തിന് കൈമാറാനോ പരിപാലനത്തിന് പ്രത്യേക ഓഫീസറെ നിയമിക്കാനോ വേണ്ടിയുള്ള നിര്‍ദേശം നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് ദേവസ്വം ബോര്‍ഡിനോട് ആരഞ്ഞു.

ശബരിമലയിൽ പുതിയ ഭരണ സംവിധാനം നടപ്പാക്കാൻ കൂടുതൽ സമയം വേണമെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. പുതിയ ഭരണ സംവിധാനത്തിനുള്ള നിയമ നിർമാണം നടത്താൻ നാലാഴ്ച സമയം കൂടി വേണം. നിയമം സംബന്ധിച്ച് അറ്റോർണി ജനറലിന്‍റെ അഭിപ്രായം തേടിയിട്ടുണ്ടെന്നും സർക്കാർ ബോധിപ്പിച്ചു.

തിരുവാഭരണത്തിൽ രാജകുടുംബത്തിലെ രണ്ട് വിഭാഗങ്ങൾ അവകാശമുന്നയിച്ചിരുന്നു. ഇക്കാര്യത്തിൽ ഇരു വിഭാഗങ്ങളെയും കോടതി വിമർശിച്ചു. പന്തളം രാജകുടുംബാംഗമായ രാമവർമ ക്ഷേത്രഭരണ കാര്യത്തിൽ തങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിക്കുന്നില്ലെന്ന പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നിലവിലെ കൊട്ടാരം നിര്‍വാഹസമിതി പ്രസിഡന്റും സെക്രട്ടറിയും പന്തളം രാജകുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്യുന്നില്ലെന്നും ഇവരുടെ കസ്റ്റഡിയിലാണ് തിരുവാഭരണവും മറ്റ് കാര്യങ്ങളെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.