ന്യൂഡൽഹി: കേരളത്തിലെ നാല് സ്വശ്രയ മെഡിക്കൽ കോളേജുകളിലേക്ക് പ്രവേശനനുമതി നൽകിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. നാളെ വരെയാണ് സുപ്രീം കോടതി സ്പോട്ട് അഡ്മിഷൻ തടഞ്ഞിരിക്കുന്നത്. വയനാട് ഡിഎം എഡ്യുക്കേഷണൽ ആൻഡ് റിസേർച്ച് ഫൌണ്ടേഷന്റെ മെഡിക്കൽ കോളേജ്, തൊടുപുഴ അൽ അസർ മെഡിക്കൽ കോളേജ്, പാലക്കാട് പികെ ദാസ് മെഡിക്കൽ കോളേജ്, വർക്കല എസ്ആർ എഡ്യുക്കേഷണൽ ആൻഡ് റിസേർച്ച് ഫൌണ്ടേഷന്റെ മെഡിക്കൽ കോളേജ് എന്നീ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനാണ് സ്റ്റേ.
ഈ കോളേജുകളില്‍ അനധികൃതമായി പ്രവേശനം നേടുന്ന വിദ്യാർത്ഥികൾ പുറത്താകുമെന്നും കോടതി അറിയിച്ചിട്ടുണ്ട്. നാല് കോളേജുകളിലുമായി 550 മെഡിക്കൽ സീറ്റുകളാണുള്ളത്. കോടതി വിധി വന്നതോടെ മെഡിക്കൽ സ്പോട്ട് അഡ്മിഷൻ പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയാണിപ്പോൾ.
നേരത്തെ നാല് മെഡിക്കൽ കോളേജുകളിലും മതിയായ അടിസ്ഥാനസൌകര്യങ്ങളില്ലെന്ന് ചൂണ്ടികാട്ടി ഇന്ത്യൻ മെഡിക്കൽ കൌൺസിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ പ്രവേശനം തടഞ്ഞത്. എന്നാൽ അടിസ്ഥാനസൌകര്യങ്ങൾ ഒരുക്കിയെന്ന് കാട്ടി കോളേജുകള്‍ സമർപ്പിച്ച ഹർജി പരിഗണിച്ച ഹൈക്കോടതി പ്രവേശനത്തിന് അനുമതി നൽകുകയായിരുന്നു.
ഹൈക്കോടതി വിധിക്കെതിരെ മെഡിക്കൽ കൌൺസിൽ ഓഫ് ഇന്ത്യയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇതിലാണ് ഇപ്പോൾ സുപ്രീം കോടതി വിധി വന്നിരിക്കുന്നത്. നാളെ സ്പോട്ട് അഡ്മിഷനില്ലെന്ന് പ്രവേശന കമ്മീഷന് അറിയിച്ചിട്ടുണ്ട്.