തൊടുപുഴ: നീണ്ട ഇടവേളയ്ക്കു ശേഷം സുപ്രീം കോടതി നിയോഗിച്ച മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി ഒക്ടോബര്‍ 16 ന് ഡാം സന്ദര്‍ശിക്കും. ഏതാണ്ട് ഒരു വര്‍ഷത്തിനു ശേഷമാണ് ഉന്നതാധികാര സമിതി ഡാം സന്ദര്‍ശിക്കാനെത്തുന്നത്.

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നു കഴിഞ്ഞ മാസം ഡാമില്‍ പുതിയ ചോര്‍ച്ച കണ്ടെത്തിയിരുന്നു. ഡാമിന്റെ 10, 11 ബ്ലോക്കുകളിലായാണ് ചോര്‍ച്ച കണ്ടെത്തിയത്. തുടര്‍ന്ന് ഉപസമിതിയിലെ കേരളത്തിന്റെ പ്രതിനിധിയും ജലവിഭവ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുമായ ജോര്‍ജ് ഡാനിയലും മറ്റു ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരും ഡാമില്‍ പരിശോധന നടത്തി ഉപസമിതി ചെയര്‍മാനും ഉന്നത സമിതിക്കും റിപ്പോര്‍ട്ടു നല്‍കിയിരുന്നു. ഡാമില്‍ ഉടന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ പരിശോധിക്കണമെന്നു റിപ്പോര്‍ട്ടില്‍ ആവശ്യമുന്നയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 11-ന് ഉപസമിതി ഡാം സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഉന്നതാധികാര സമിതിയും ഡാമില്‍ സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചത്.

Read More: മുല്ലപ്പെരിയാർ ഡാമിന്രെ ജലനിരപ്പ് 152​ അടിയായി ഉയർത്തണമെന്ന് തമിഴ്‌നാട്

16-ന് ഡാമില്‍ സന്ദര്‍ശനം നടത്തുന്ന സംഘം തുടര്‍ന്നു മൂന്ന് മണിക്ക് കുമളിയില്‍ യോഗവും ചേരും. കേന്ദ്ര ജല കമ്മീഷന്‍ ചീഫ് എന്‍ജിനീയറും ഉന്നതാധികാര സമിതി ചെയര്‍മാനുമായ ശിവരാജന്‍, തമിഴ്‌നാട് പൊതുമരാമത്ത് സെക്രട്ടറി പ്രഭാകരന്‍, കേരള ജലവിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍ എന്നിവരടങ്ങിയ ഉന്നതാധികാര സമിതിയാണ് ഡാം സന്ദര്‍ശിക്കുക. മേല്‍നോട്ട സമിതിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി 11-ന് ഉപസമിതി ഡാമില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തും.

മഴക്കാലത്തിനു മുമ്പു ഡാമില്‍ മേല്‍നോട്ട സമിതി സന്ദര്‍ശനം നടത്തണമെന്നാണ് സുപ്രീ കോടതി നിര്‍ദേശമെങ്കിലും കഴിഞ്ഞ ഒരു വര്‍ഷമായി മേല്‍നോട്ട സമിതി ഡാമില്‍ സന്ദര്‍ശനം നടത്തിയിരുന്നില്ല. ഡാമില്‍ പുതുതായി ചോര്‍ച്ച കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഉന്നതാധികാര സമിതിയുടെ സന്ദര്‍ശനമെന്നാണ് സൂചന. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്ന് അടുത്തിടെ തേക്കടിയിലെത്തിയ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം പ്രഖ്യാപിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.