തിരുവനന്തപുരം: ബെംഗളൂരു സ്ഫോടന കേസിലെ പ്രതി പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ച് സുപ്രീം കോടതി. മഅദനിക്ക് കേരളത്തിലേക്കു വരാൻ സുപ്രീം കോടതി അനുമതി നൽകി. ജൂലൈ 10 വരെ കേരളത്തിൽ തങ്ങാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. കർണാടക പൊലീസിന്റെ സുരക്ഷയിലാണ് മഅദനി എത്തുക.
കര്‍ണാടക സര്‍ക്കാരിന്റെ സത്യവാങ് മൂലത്തെ എതിര്‍ത്ത് മഅദനി നൽകിയ സത്യവാങ്മൂലത്തിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഒരു ഭീകര സംഘടനയുമായും ബന്ധമില്ലെന്നും പ്രതി ചേര്‍ത്തത് ഗൂഢാലോചന കേസില്‍ മാത്രമാണെന്നും മഅദനി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. വൃക്ക തകരാറിലായതിനാല്‍ ചികിത്സ തേടാനാണ് കേരളത്തിലേക്ക് പോകാൻ അനുവാദം തേടിയതെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ മഅദനി പറഞ്ഞിരുന്നു.
പിതാവിന്റെ ആരോഗ്യ നില വഷളായതിനാല്‍ അദ്ദേഹത്തെ കാണണമെന്നും മഅദനി ആവശ്യപ്പെട്ടിരുന്നു. തന്റെ ആരോഗ്യ നില വ്യക്തമാക്കുന്ന ചിത്രങ്ങള്‍ സഹിതമാണ് മഅദനി മറുപടി സത്യവാങ് മൂലം സമര്‍പ്പിച്ചത്.