ന്യൂ ഡൽഹി: ഓഗസ്റ്റ് 31 വരെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് നിലവിൽ അനുവദനീയമായതിൽ നിന്നും മൂന്ന് അടി താഴ്ത്തി നിലനിർത്താമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. നിലവിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയാണ്.

നിലവിൽ 142 അടിയായ ജലനിരപ്പ് മൂന്ന് അടി താഴ്ത്തി 139 അടിയായി താഴ്ത്തി നിർത്താമെന്ന് മുല്ലപ്പെരിയാർ സൂപ്പർ വൈസറി കമ്മിറ്റി തീരുമാനിച്ചതായാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്.

മുല്ലപ്പെരിയാർ വിഷയം കേരളവും തമിഴ്നാടും തമ്മിലുളള തർക്കമായിട്ടല്ല സുപ്രീം കോടതി കാണുന്നതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. മനുഷ്യജീവന്റെ സംരക്ഷണവും ദുരന്തനിവാരണ മാനേജ്മെന്റുമായി ബന്ധപ്പെടുത്തിയാണ് സുപ്രീം കോടതി മുല്ലപ്പെരിയാർ വിഷയത്തെ കാണുന്നതെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു.

കേരളത്തിലെ പ്രളയദുരന്തത്തിന് പ്രധാന കാരണങ്ങളിലൊന്നായി ആരോപിക്കപ്പെടുന്നത് മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 139 ആയപ്പോൾ മുതൽ വെളളം തുറന്നുവിടണമെന്ന ആവശ്യപ്പെട്ടിട്ടും തമിഴ്നാട് ചെയ്യാതിരുന്നതാണ് എന്നാണ്. നേരത്തെ തന്നെ കേരളം മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 139 ആയി നിജപ്പെടുത്തണെന്ന് ആവശ്യപ്പെട്ടിരുന്നു.​എന്നാൽ, തമിഴ് നാട് അതിന്റെ ജലനിരപ്പ് 142 അടിയായി നിലനിർത്തുകയായിരുന്നു.

ഈ ജലനിരപ്പ് വരെ വെളളം ഉയർന്നശേഷം വെള്ളം തുറന്ന് വിടുകയായിരുന്നു. അതിന് തൊട്ട് മുമ്പ് കേരളത്തിന്റെ അധികാര പരിധിയിയിലുള്ള ഇടമലയാർ, ഇടുക്കി ഡാമുകൾ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തുറന്ന് വിട്ടിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ